| Monday, 12th December 2022, 4:54 pm

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമ; ആദ്യ പത്തില്‍ ഇടംനേടിയ ആ മലയാള ചിത്രം ഇതാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022 എന്ന വര്‍ഷം അതിന്റെ അവസാന ദിവസങ്ങളോട് അടുക്കുകയാണ്. ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തിട്ടുള്ള ഇന്ത്യന്‍ സിനിമ ഏതാണെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ ഗൂഗിള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമ ബ്രഹ്മാസ്ത്രയാണ്. അസ്ത്രാവേഴ്‌സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ സെപ്തംബറിലാണ് തിയേറ്ററുകളിലെത്തിയത്.

വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് ജോഡി വീണ്ടും ഒരുമിച്ച സിനിമയായിരുന്നു ഇത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയ താരങ്ങള്‍ ഒന്നിക്കുന്നു എന്നതുമാണ് ബ്രഹ്മാസ്ത്രയ്ക്ക് റീച്ച് നല്‍കിയത്.

ബ്രഹ്മാസ്ത്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സിനിമ കെജിഎഫ് 2 ആണ്. തിയേറ്ററിലും വലിയ വിജയം തീര്‍ത്ത സിനിമയായിരുന്നു കെ.ജി.എഫ് 2. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ആദ്യ പത്ത് ചിത്രങ്ങളില്‍ ആറെണ്ണം തെന്നിന്ത്യന്‍ സിനിമകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

കെ.ജി.എഫിന് പുറമെ ആര്‍.ആര്‍.ആര്‍ നാലാം സ്ഥാനത്തും, കാന്താര അഞ്ചാം സ്ഥാനത്തും, പുഷ്പ, വിക്രം എന്നീ സിനിമകള്‍ ആറും ഏഴും സ്ഥാനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഗൂഗിള്‍ പുറത്ത് വിട്ട പട്ടികയില്‍ മലയാളം സിനിമ ദൃശ്യം 2 ഒമ്പതാം സ്ഥാനവും നേടി. വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ദി കാശ്മീരി ഫയല്‍സാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത മൂന്നാമത്തെ സിനിമ.

കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സിനിമാ മേഖല വലിയ തിരിച്ചടി നേരിട്ടിരുന്നു. ആ കാലത്ത് നിന്നും തിരിച്ച് വരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണിപ്പോള്‍ ഇന്ത്യന്‍ സിനിമ. തിയേറ്ററുകള്‍ക്ക് പുറമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇക്കാലത്ത് സജീവമാണ്. അതുകൊണ്ട് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നത് നിര്‍മാതാക്കളെ സംബന്ധിച്ച് ശ്രമകരമാണ്.

ലോകത്തെമ്പാടുമുള്ള ആളുകള്‍ ഇന്ത്യന്‍ ഗാനങ്ങള്‍ സെര്‍ച്ച് ചെയ്യുന്നു എന്ന റിപ്പോര്‍ട്ടും ഗൂഗിള്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ചോദ്യങ്ങള്‍ ഏതാണെന്നും, വ്യക്തികള്‍ ആരൊക്കെയാണെന്നും ഏത് ഇവന്റാണ് കൂടുതല്‍ പേരും അറിയാന്‍ ആഗ്രഹിച്ചത് തുടങ്ങിയ വിവരങ്ങളും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇയര്‍ ഇന്‍ സെര്‍ച്ച് 2022 എന്ന ടാഗോഡ് കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

CONTENT HIGHLIGHT: Top 10 Google’s Most Searched Movies in India

Latest Stories

We use cookies to give you the best possible experience. Learn more