എം.എല്‍.എസ് ഒരു ചെറിയ ലീഗല്ല; മെസിക്ക് മുമ്പ് അമേരിക്കന്‍ ക്ലബ്ബിലെത്തിയ 10 സൂപ്പര്‍താരങ്ങള്‍
Football
എം.എല്‍.എസ് ഒരു ചെറിയ ലീഗല്ല; മെസിക്ക് മുമ്പ് അമേരിക്കന്‍ ക്ലബ്ബിലെത്തിയ 10 സൂപ്പര്‍താരങ്ങള്‍
സബീല എല്‍ക്കെ
Sunday, 11th June 2023, 5:41 pm

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കയിലേക്ക് ചേക്കേറുകയാണ്. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി സൈന്‍ ചെയ്യുക. മെസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മെസിയെ പോലൊരു ഇതിഹാസ താരം നിലവാരം കുറഞ്ഞ ലീഗില്‍ കളിക്കാനെടുത്ത തീരുമാനത്തിനെതിരെയാണ് വിമര്‍ശനങ്ങളേറെയും. എന്നാല്‍ മെസിക്ക് മുമ്പ് യൂറോപ്പില്‍ നിന്ന് നിരവധി സൂപ്പര്‍താരങ്ങളെ എത്തിച്ച് ആഗോള തലത്തില്‍ ശ്രദ്ധ നേടാന്‍ മേജര്‍ ലീഗ് സോക്കറിന് സാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ ലീഗില്‍ നിന്ന് എം.എല്‍.എസില്‍ ജോയിന്‍ ചെയ്ത മികച്ച 10 താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം

10. കക്ക (ഒര്‍ലാന്‍ഡോ സിറ്റി)

ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരിച്ച് ബാലണ്‍ ഡി ഓര്‍ നേടുന്നതിന് മുമ്പ് പുരസ്‌കാരത്തിന് അര്‍ഹനായ താരമാണ് കക്ക. 2014ല്‍ എ.സി മിലാനില്‍ നിന്നാണ് ബ്രസീലിയന്‍ സൂപ്പര്‍താരം എം.എല്‍.എസ് ക്ലബ്ബായ ഒര്‍ലാന്‍ഡോ സിറ്റിയിലേക്ക് ചേക്കേറിയത്. അമേരിക്കന്‍ ക്ലബ്ബിനായി കളിച്ച 79 മത്സരങ്ങളില്‍ നിന്ന് 24 ഗോളും 19 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്. 2017ല്‍ അദ്ദേഹം ഒര്‍ലാന്‍ഡോ സിറ്റിയില്‍ നിന്ന് തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

9. ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (ഇന്റര്‍ മിയാമി)

മെസിക്ക് മുമ്പ് ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് അര്‍ജന്റീനയുടെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍. ദേശീയ ടീമില്‍ മെസിയുടെ സഹതാരമായിരുന്ന ഹിഗ്വെയ്ന്‍ 2020ലാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. റയല്‍ മാഡ്രിഡ്, യുവന്റസ്, ചെല്‍സി, നാപ്പോളി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഇന്റര്‍ മിയാമിയുടെ ഹൈ പ്രൊഫൈല്‍ പ്ലെയേഴ്‌സില്‍ ഒരാളായിരുന്നു. എം.എല്‍.എസില്‍ കളിച്ച് 39 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഹിഗ്വെയ്‌ന്റെ സമ്പാദ്യം.

8. ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ (ചിക്കാഗോ ഫയര്‍)

ജര്‍മനിയിലെ ഏറ്റവും മികച്ച മധ്യ നിര താരങ്ങളിലൊരാളായ ഷ്വെയ്ന്‍സ്റ്റീഗര്‍ 2017ലാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ചിക്കാഗോ ഫയറുമായി സൈനിങ് നടത്തുന്നത്. മുന്‍ ബയേണ്‍ മ്യൂണിക്ക് താരവും ക്ലബ്ബിന്റെ ഇതിഹാസവുമായ ഷ്വെയ്ന്‍സ്റ്റീഗര്‍ അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറുന്നതിന് മുമ്പ് ലോകകപ്പ്, യുവേഫ ചാമ്പ്യന്‍ ലീഗ്, യുവേഫ യൂറോപ്പ ലീഗ്, എട്ട് ബുണ്ടസ്‌ലിഗ ടൈറ്റിലുകള്‍ എന്നിവക്ക് പുറമെ മറ്റനവധി ട്രോഫികളും നേടിയിട്ടുണ്ട്. 2020ല്‍ ചിക്കാഗോ ഫയറില്‍ വെച്ച് താരം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

7. ഡേവിഡ് വിയ്യ (ന്യൂയോര്‍ക്ക് സിറ്റി)

സ്‌പെയ്‌നിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡേവിഡ് വിയ്യ 2014ലാണ് എം.എല്‍.എസ് ലീഗായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ചേരുന്നത്. അത്‌ലെറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് താരം അമേരിക്കയിലേക്ക് ചേക്കേറിയതെങ്കിലും യൂറോപ്പില്‍ ബാഴ്‌സലോണ എഫ്.സിയിലായിരുന്നു വിയ്യയുടെ സുവര്‍ണ കാലഘട്ടം. ബാഴ്‌സയില്‍ എട്ട് ട്രോഫികള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം, എം.എല്‍.എസില്‍ കളിച്ച 121 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ അക്കൗണ്ടിലാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

6. ഫ്രാങ്ക് ലാംപാര്‍ഡ് (ന്യൂയോര്‍ക്ക് സിറ്റി)

ഇംഗ്ലീഷ് ഫുട്‌ബോളില്‍ മികച്ച മിഡ് ഫീല്‍ഡര്‍ താരമായി പേരെടുത്ത കളിക്കാരനാണ് ലാംപാര്‍ഡ്. 2014ല്‍ എം.എല്‍.എസ്. ക്ലബ്ബായ ന്യൂയോര്‍ക്ക് സിറ്റിയുമായി സൈനിങ് നടത്തിയ താരം അതിനിടെ ലോണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ചിട്ടുണ്ടായിരുന്നു. ചെല്‍സി ഇതിഹാസമായ ലാംപാര്‍ഡ് മൂന്ന് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും നേടിയതിന് ശേഷമാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. എം.എല്‍.എസില്‍ കളിച്ച 29 മത്സരങ്ങളില്‍ നിന്ന് 15 ഗോളും നാല് അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയത്.

5. തിയറി ഒന്റി (ന്യൂയോര്‍ക്ക് റെഡ് ബുള്‍സ്)

ഫ്രഞ്ച് ഫുട്‌ബോളിന്റെ ഇതിഹാസ സ്‌ട്രൈക്കറായ തിയറി ഒന്റി 2010ലാണ് ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് ക്ലബ്ബിലേക്ക് കൂടുമാറ്റം നടത്തിയത്. എന്നാല്‍ 2012ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ താരം ആഴ്‌സണലില്‍ എത്തുകയായിരുന്നു. ആഴ്‌സണലിനാായി രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ഉയര്‍ത്തിയ ഒന്റി ക്ലബ്ബിന്റെ ഇതിഹാസ താരമായി വാഴ്ത്തപ്പെട്ടു. ലോകചാമ്പ്യനും യുവേഫ യൂറോ ജേതാവുമായ ഒന്റി എം.എല്‍.എസ് ക്ലബ്ബിനായി 122 മാച്ചുകളില്‍ നിന്ന് 51 ഗോളുകള്‍ നേടി.

4. ലൊറേന്‍സോ ഇന്‍സീനിയ (ടൊറോന്റോ എഫ്.സി)

എം.എല്‍.എസ് കളിക്കാന്‍ യൂറോപ്പില്‍ നിന്ന് ലേറ്റസ്റ്റായി എത്തിയ താരമാണ് ലൊറേന്‍സോ ഇന്‍സീനിയ. ഈ സീസണിന്റെ അവസാനത്തോടെ നാപ്പോളിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ടൊറോന്റോ എഫ്.സിയുമായി പ്രീ-കോണ്‍ട്രാക്ടില്‍ സൈന്‍ ചെയ്യുകയായിരുന്നു. നാപ്പോളിക്കായി അറ്റാക്കിങ് നിരയില്‍ 300 മത്സരങ്ങളാണ് ഇന്‍സീനിയ കളിച്ചത്. 2020ല്‍ ഇറ്റലിക്കായി യൂറോ കപ്പ് നേടിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഇന്‍സീനിയ.

3. ഡേവിഡ് ബെക്കാം (ലോസ് ഏഞ്ചലസ്)

മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ കോണ്‍ട്രാക്ടായിരുന്നു ഡേവിഡ് ബെക്കാമിന്റേത്. 2007ല്‍ താരം ലോസ് ഏഞ്ചലസുമായി സൈന്‍ ചെയ്തതിന് ശേഷം വലിയ ആരാധക വൃന്ദമാണ് എം.എല്‍.സ് ലീഗിനുണ്ടായത്. എം.എല്‍.എസില്‍ ജോയിന്‍ ചെയ്തതിന് ശേഷം യൂറോപ്പിലേക്ക് മടങ്ങിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ബെക്കാം. ലോസ് ഏഞ്ചലസിന് ശേഷം എ.സി മിലാനിലും പി.എസ്.ജിയിലും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. അമേരിക്കന്‍ ലീഗില്‍ കളിച്ച 98 മത്സരങ്ങളില്‍ നിന്ന് 18 ഗോളും 32 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ ഇന്റര്‍ മിയാമിയുടെ പ്രസിഡന്റായ ബെക്കാം രണ്ട് തവണ എം.എല്‍.എസ് കപ്പ് നേടിയിട്ടുണ്ട്.

2. വെയ്ന്‍ റൂണി (ഡി.സി യുണൈറ്റഡ്)

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റൂണി 2018ലാണ് അമേരിക്കന്‍ ക്ലബ്ബായ ഡി.സി യുണൈറ്റഡില്‍ എത്തുന്നത്. എം.എല്‍.എസിലെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് റൂണി യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ പട്ടവും അഞ്ച് തവണ പ്രീമിയര്‍ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡി.സി. യുണൈറ്റഡിനായി 48 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും 13 അസിസ്റ്റുകളുമാണ് താരം നേടിയത്.

1. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് (എല്‍.എ ഗ്യാലക്‌സി)

യൂറോപ്യന്‍ ലീഗില്‍ നിന്ന് എം.എല്‍.എസിലെത്തി പ്രശസ്തിയാര്‍ജിച്ച താരങ്ങളിലൊരാളാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. 2018ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് സ്വീഡിഷ് സൂപ്പര്‍താരം എല്‍.എ ഗ്യാലക്‌സിയിലെത്തുന്നത്. എം.എല്‍.എസില്‍ നിന്ന് തിരികെ യൂറോപ്യന്‍ ലീഗിലെത്തിയ താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് എ.സി. മിലാനില്‍ കളിക്കുകയായിരുന്ന താരം തന്റെ 42ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ ലീഗിന്റെ വിവിധ ടൂര്‍ണമെന്റുകളില്‍ ജേതാവായ ഇബ്രാഹിമോവിച്ച് എം.എല്‍.എസില്‍ കളിച്ച 58 മത്സരങ്ങളില്‍ നിന്ന് 53 ഗോളും 15 അസിസ്റ്റും നേടി.

Content Highlights: Top 10 footballers who signed for MLS clubs from European League