2020 ല്‍ കൈയ്യടി നേടിയ പത്ത് മികച്ച അഭിനേതാക്കള്‍
Malayalam Cinema
2020 ല്‍ കൈയ്യടി നേടിയ പത്ത് മികച്ച അഭിനേതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st December 2020, 3:25 pm

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിക്ഷയുണ്ടാക്കുകയും എന്നാല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഏറെ നിരാശയുണ്ടാക്കുകയും ചെയ്ത വര്‍ഷമായിരുന്നു 2020.

വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് ആണ് സിനിമകള്‍ക്ക് ലഭിച്ചത്. മികച്ച സിനിമകളും കളക്ഷനുമായി കുതിച്ച് കൊണ്ടിരുന്ന മലയാള സിനിമ ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ പൂട്ടിയതോടെ സിനിമയും അനുബന്ധ വ്യവസായ മേഖലയും വെട്ടിലാവുകയായിരുന്നു.

സിനിമ കാഴ്ച പൂര്‍ണമായും ഡിജിറ്റല്‍ ലോകത്തിലേക്ക് മാറിയ കാലഘട്ടമായിരുന്നു ഇത്. ഇതിനിടെ സീ യു സൂണ്‍ പോലെ മികച്ച പരീക്ഷണ ചിത്രങ്ങളും ലോക്ക്ഡൗണിനെ തുടര്‍ന്ന് മലയാളത്തില്‍ ഉണ്ടായി.

അതേസമയം മികച്ച പ്രകടനങ്ങള്‍ അഭിനേതാക്കള്‍ കാഴ്ചവെച്ച വര്‍ഷം കൂടിയായിരുന്നു 2020. മലയാള സിനിമയില്‍ ഈ വര്‍ഷം കൈയ്യടി നേടിയ പത്ത് അഭിനേതാക്കളെ നോക്കാം.

ഉര്‍വശി

2020 ല്‍ ഏറ്റവും കൈയ്യടി നേടിയ അഭിനേത്രി ആരെന്ന ചോദ്യത്തിന് ഒരു സംശയം ഇല്ലാതെ ഉര്‍വശിയുടെ പേര് പറയാന്‍ കഴിയും. മലയാളത്തിന് പുറമെ തമിഴിലും മികച്ച പ്രകടനമാണ് ഉര്‍വശി കാഴ്ച്ച വെച്ചത്.

വര്‍ഷത്തിന്റെ തുടക്കത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദന്ത ഡോക്ടറായി എത്തിയ ഉര്‍വശി ഒമര്‍ലുലു സംവിധാനം ചെയ്ത ദമാക്ക എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു നടത്തിയത്.

സുരേഷ് ഗോപി

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം താരത്തിന്റെ തിരിച്ചുവരവായിട്ടായിരുന്നു വിലയിരുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന – സുരേഷ് ഗോപി ജോഡി വെള്ളിത്തിരയില്‍ എത്തിയതും പ്രേക്ഷകരെ സന്തോഷിപ്പിച്ചു. കൊവിഡ് ഭീഷണി ഇല്ലായിരുന്നെങ്കില്‍ നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രവും തിയേറ്ററില്‍ ഈ വര്‍ഷം റിലീസ് ചെയ്യേണ്ടതായിരുന്നു.

ബിജു മേനോന്‍

അയ്യപ്പനും കോശിയും എന്ന സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ അയ്യപ്പന്‍ നായരായി എത്തിയ ബിജു മേനോന്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തന്റെ സ്ഥിരം പാറ്റേണില്‍ നിന്ന് മാറിയ ബിജുവിന്റെ അയ്യപ്പന്‍ നായരും പൃഥ്വിയുടെ കോശി കുര്യനും തിയേറ്ററില്‍ നിന്ന് മികച്ച കളക്ഷനും നേടിയിരുന്നു.

അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായും സാധാരണക്കാരനായുമുള്ള ബിജു മേനോന്റെ പെര്‍ഫോമന്‍സ് ഏറെ കൈയ്യടി നേടിയിരുന്നു.

അനില്‍ പി നെടുമങ്ങാട്

വര്‍ഷാവസാനം മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ മരണങ്ങളില്‍ ഒന്നായിരുന്നു അനില്‍ പി നെടുമങ്ങാടിന്റെത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ സി.ഐ സതീഷ് കുമാര്‍ എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു. അയ്യപ്പനും കോശിയും പോലെ തന്നെ ഏറെ ശ്രദ്ദേയമായ കഥാപാത്രമായിരുന്നു സതീഷ് കുമാറും.

കുഞ്ചാക്കോ ബോബന്‍

കരിയറില്‍ തന്നെ ഏറ്റവും വലിയ ഹിറ്റുമായി ചാക്കോച്ചന്‍ എത്തിയ വര്‍ഷമായിരുന്നു 2020. ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്ററും ചാക്കോച്ചന്റെ അഞ്ചാം പാതിരയായിരുന്നു. മിഥുന്‍ മാനുവല്‍ തോമസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ ആയിട്ടായിരുന്നു ചാക്കോച്ചന്‍ എത്തിയത്.

ഷറഫുദ്ദീന്‍

അഞ്ചാംപാതിരയില്‍ ഡോക്ടര്‍ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കഥാപാത്രമായും ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരനായ അധ്യാപകനും സിനിമാ മോഹിയുമായ തൗഫീഖ് ആയും മികച്ച പ്രകടനമാണ് ഷറഫുദ്ദീന്‍ കാഴ്ചവെച്ചത്.

ശ്രീനാഥ് ഭാസി

മൂന്ന് സിനിമകളാണ് ഈ വര്‍ഷം ശ്രീനാഥ് ഭാസിയുടെതായി തിയേറ്ററുകളില്‍ എത്തിയത്. അഞ്ചാം പാതിരയില്‍ ഹാക്കര്‍ ആന്‍ഡ്രു, ട്രാന്‍സില്‍ കുഞ്ഞന്‍, കപ്പേളയില്‍ റോയി എന്നീ കഥാപാത്രങ്ങളെയായിരുന്നു ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്. മൂന്ന് കഥാപാത്രങ്ങളും ശ്രദ്ദേയമായിരുന്നു. ഇതില്‍ ട്രാന്‍സ് എന്ന സിനിമയിലെ കുഞ്ഞന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഫഹദ് ഫാസില്‍

ട്രാന്‍സ്, സി.യു സൂണ്‍ എന്നീ ചിത്രങ്ങളായിരുന്നു 2020 ല്‍ റിലീസ് ആയ ഫഹദ് ചിത്രങ്ങള്‍. വിവിധ അവസ്ഥകളിലൂടെ കടന്നു പോകുന്ന ട്രാന്‍സിലെ വിജു പ്രസാദ്, പിന്നീട് ജോഷ്വാ കാള്‍ട്ടന്‍ ആകുമ്പോഴുള്ള കഥാപാത്രത്തിന്റെ പ്രകടനം എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. ഒരു കംപ്ലീറ്റ് സ്‌ക്രീന്‍ മൂവിയായിട്ടായിരുന്നു സീ.യു സൂണ്‍ ഇറങ്ങിയത്. ചിത്രത്തില്‍ ഐ.ടി വിദഗ്ധനായ കെവിന്‍ തോമസ് ആയിട്ടായിരുന്നു ഫഹദ് എത്തിയത്.

ദര്‍ശന രാജേന്ദ്രന്‍

സി.യു സൂണിലെ അനു എന്ന കഥാപാത്രമായി എത്തിയ ദര്‍ശനയുടെ പെര്‍ഫോമന്‍സിന് അവാര്‍ഡുകള്‍ ലഭിച്ചാലും അതിശയിക്കേണ്ടതില്ല.
വളരെ ഒതുക്കി പിടിച്ച ഇമോഷന്‍സ് പുറത്തുകാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഒരിത്തിരി നിഗൂഡതയുള്ള കഥാപാത്രമായി ദര്‍ശന മികച്ച പെര്‍ഫോമന്‍സാണ് ചത്രത്തില്‍ കാഴ്ച്ചവെച്ചത്.

ഗ്രേസ് ആന്റണി

ഹലാല്‍ ലൗ സ്റ്റോറിയില്‍ സുഹറ എന്ന കഥാപാത്രമായിട്ടായിരുന്നു ഗ്രേസ് 2020 ല്‍ എത്തിയത്. ചിത്രം തുടങ്ങുമ്പോഴുള്ള സുഹറയ്ക്ക് സിനിമ അവസാനിക്കുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം തന്മയത്തോടെ അവതരിപ്പിക്കാന്‍ ഗ്രേസിന് കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Top 10 Best Actors in Malayalam Cinema in 2020