|

ഗ്രെറ്റ ടൂള്‍ കിറ്റ് കേസ്: പ്രതിഷേധം ശക്തമാകുന്നതിനിടെ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ മലയാളിക്കെതിരെ കേസ്. പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെതിരെയാണ് ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട്. മുംബൈ ഹൈക്കോടതി അഭിഭാഷകയാണ് ഇവര്‍.
ദല്‍ഹി പൊലീസ് നല്‍കിയ അപേക്ഷയിലാണ് ദല്‍ഹി കോടതിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടൂള്‍കിറ്റ് കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളുരുവില്‍ വെച്ചാണ് അറസ്റ്റ് ചെയ്യയ്തത്.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രേറ്റ തന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ദല്‍ഹി പൊലീസിന്റെ വാദം.

ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

ദല്‍ഹി സൈബര്‍ സെല്ലായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാണ് കേസെടുത്തത് എന്ന വിവരം പൊലീസ് പുറത്തുവിട്ടിരുന്നില്ല.

കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധത്തില്‍ എങ്ങനെ അണിചേരാം എന്നും ഗ്രേറ്റ എഴുതിയിരുന്നു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് എന്ന് വിശദമാക്കിയ ഗ്രേറ്റയുടെ ട്വീറ്റിലായിരുന്നു ലഘുലേഖയും ഉള്‍പ്പെടുത്തിയിരുന്നത്.

ഇത് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദല്‍ഹി പൊലീസിന്റെ വാദം. ടൂള്‍കിറ്റ് വിവാദത്തില്‍ ഗ്രേറ്റ തന്‍ബര്‍ഗിനെതിരെയും ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Toolkit matter: Non-bailable warrants issued against Nikita Jacob