|

ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തി; വിമര്‍ശനവുമായി നിയമവിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് നിയമവിദഗ്ധര്‍.

ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിഷ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിഷ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു.

ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിഷയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ദല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂള്‍ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിന്‍സ് ഗോണ്‍സാലസും സൗരഭ് കൃപാലും ചൂണ്ടിക്കാട്ടി.

പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് കര്‍ഷകപ്രതിഷേധത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ ‘ടൂള്‍കിറ്റ്’ എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിഷ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

ദിഷയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈ ഹൈക്കോടതി അഭിഭാഷകയാണ് ഇവര്‍.
ദല്‍ഹി പൊലീസ് നല്‍കിയ അപേക്ഷയിലാണ് ദല്‍ഹി കോടതിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടൂള്‍കിറ്റ് കേസില്‍ കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളുരുവില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Toolkit Case: Disha Ravi’s Arrest Illegal; Complaint against the Magistrate