ഈ സീസണിന്റെ അവസാനത്തോടെ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ടോണി ക്രൂസ് റയല്‍ മാഡ്രിഡ് വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ താരത്തിന്റെ പ്രതികരണം ശ്രദ്ധനേടുകയാണിപ്പോള്‍. വിരമിക്കുന്നത് എന്നാണെങ്കിലും അത് റയല്‍ മാഡ്രിഡില്‍ വെച്ചായിരിക്കുമെന്നും മറ്റൊരു ക്ലബ്ബിലേക്കും പോകാന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഞാനിവിടെ സന്തുഷ്ടനാണ്. ശാരീരികവും മാനസികവുമായ എന്റെ ആരോഗ്യവും മെച്ചപ്പെട്ട നിലയിലാണ്. എന്റെ സൈനിങ്ങുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് കണ്ടു. അതെല്ലാം വ്യാജമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ്. എന്തെന്നാല്‍, റയല്‍ മാഡ്രിഡ് വിട്ട് ഞാന്‍ മറ്റെങ്ങും പോകുന്നില്ല. അത് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. ഇവിടെ വെച്ചാണ് ഞാന്‍ വിരമിക്കുക.
ആ ദിവസമെന്നാണെന്ന് മാത്രമേ എനിക്ക് നിശ്ചയമില്ലാത്തതായുള്ളൂ. അതല്ലാതെ റയല്‍ വിട്ട് മറ്റൊരു ക്ലബ്ബിലേക്കും പോകില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. എനിക്കും ക്ലബ്ബിനുമിടയില്‍ ഒരു ആത്മബന്ധമുണ്ട്. അത് വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതൊരിക്കലും മാറാന്‍ പോകുന്നില്ല. ഇനിയും സമയമുണ്ടല്ലോ, നമുക്ക് സംസാരിക്കാം. കാര്യങ്ങള്‍ എന്തായാലും സുഗമമായേ വരൂ, അതുറപ്പാണ്,’ ക്രൂസ് വ്യക്തമാക്കി.
2014-ല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ താരം ലോസ് ബ്ലാങ്കോസിനൊപ്പം അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ്, ജര്‍മ്മന്‍ ഭീമന്മാര്‍ക്കൊപ്പം മൂന്ന് സ്പാനിഷ്, മൂന്ന് ജര്‍മ്മന്‍ ലീഗ് കിരീടങ്ങള്‍ക്കൊപ്പം 2014 ലെ ദേശീയ ടീമിനൊപ്പം ലോകകപ്പും അദ്ദേഹം നേടിയിട്ടുണ്ട്.
അതേസമയം, ലൂക്ക മോഡ്രിച്ചിന്റെ റയല്‍ മാഡ്രിഡ് ഭാവിയും അനിശ്ചിത്വത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലോങ്കോസുമായുള്ള മോഡ്രിച്ചിന്റെ കരാറും അവസാനിക്കും. ഇരുതാരങ്ങളെയും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ലാ ലിഗയില്‍ ജിറോണക്കെതിരെ നടന്ന മത്സരത്തില്‍ റയല്‍ തോല്‍വി വഴങ്ങിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജിറോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ നിന്ന് 20 ജയവും ആറ് തോല്‍വിയുമായി 65 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ബാഴ്‌സലോണ എഫ്.സിയാണ് 11 പോയിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏപ്രില്‍ 29ന് അല്‍മെയ്‌റക്കെതിരെയാണ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.