റയല്‍ മാഡ്രിഡ് ക്ലബ്ബിലെ മനോഹര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സൂപ്പര്‍താരം ടോണി ക്രൂസ്. മധ്യനിരയില്‍ ലൂക്ക മോഡ്രിച്ചിനൊപ്പം കളിക്കാനായതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനെ സംഭവിച്ച ഏറ്റവും മഹത്തരമായ കാര്യമെന്ന് ക്രൂസ് പറഞ്ഞു.
ഒമ്പത് വര്‍ഷമായി തങ്ങള്‍ ഒരുമിച്ചുണ്ടെന്നും ഇരുവര്‍ക്കും പരസ്പരം നന്നായി മനസിലാക്കാന്‍ സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഡ്രിഡ് എക്‌സ്ട്രയോടാണ് ക്രൂസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മോഡ്രിച്ചിനോടൊപ്പം കളിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞങ്ങള്‍ക്ക് പരസപരം നന്നായി മനസിലാക്കി കളിക്കാന്‍ സാധിക്കുന്നുണ്ട്.
കളത്തിനകത്തും പുറത്തും ഞങ്ങള്‍ക്കിടയില്‍ വളരെ മികച്ചൊരു സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ ഒരാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അടുത്തയാള്‍ക്ക് നന്നായി മനസിലാക്കാന്‍ സാധിക്കും,’ ക്രൂസ് പറഞ്ഞു.
ക്രൂസും മോഡ്രിച്ചും മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ കാഴ്ചവെക്കുന്നത്. മോഡ്രിച്ച് ഈ സീസണില്‍ കളിച്ച 36 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് അക്കൗണ്ടിലാക്കിയത്.
അതേസമയം ടോണി ക്രൂസും 36 മത്സരങ്ങളില്‍ നിന്ന് അത്രതന്നെ ഗോളും അസിസ്റ്റുമാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് റയല്‍ മാഡ്രിഡിനായി 296 മാച്ചുകളാണ് ഇതിനകം കളിച്ചത്.
2012ലാണ് മോഡ്രിച് റയലിലേക്കെത്തുന്നത്. 2013-14 സീസണില്‍ അദ്ദേഹത്തെ ചാമ്പ്യന്‍സ് ലീഗ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് റയല്‍ നേടിയ മൂന്ന് ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളില്‍ മോഡ്രിച്ചിന്റ പങ്ക് നിര്‍ണായകമായിരുന്നു.
അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, മൂന്ന് ലാ ലിഗ, ഒരു കോപ്പ ഡെല്‍ റേ, അഞ്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടെ റയല്‍ മാഡ്രിഡില്‍ 22 പ്രധാന ട്രോഫികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.