| Thursday, 3rd November 2022, 5:51 pm

കുറെ കാശുണ്ടെന്ന് വെച്ച് ആ ഇംഗ്ലിഷ് ക്ലബുകളല്ല എല്ലാ കപ്പും ജയിക്കുന്നത്; സൂപ്പര്‍താരം റയല്‍ വിട്ടത് കാശിന് വേണ്ടിയാണെന്ന സൂചനയുമായി ക്രൂസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം ഒരിക്കല്‍ കൂടി ട്രാന്‍സ്ഫര്‍ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഖത്തര്‍ ലോകകപ്പിന് ശേഷം അടുത്ത വര്‍ഷം തുടക്കത്തോടെ ഈ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകും.

നേരത്തെ തന്നെ റൊണാള്‍ഡോ, മെസി, നെയ്മര്‍, എംബാപ്പെ, ഹാലണ്ട് തുടങ്ങി ഒരുവിധം മുന്‍നിര താരങ്ങളുടെയെല്ലാം ക്ലബ് മാറ്റം ചര്‍ച്ചയായിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ പല കൂടുമാറ്റങ്ങളും കണ്ടേക്കാം.

കത്തിക്കയറുന്ന ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്കിടയില്‍ സമ്മര്‍ സീസണില്‍ നടന്ന ഒരു സര്‍പ്രെെസ് ട്രാന്‍സ്ഫറാണ് വീണ്ടും ചര്‍ച്ചയാകുന്നത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരമായിരുന്ന കാസെമിറോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള ചേക്കേറലാണ് അത്.

റയല്‍ മാഡ്രിഡിന്റെ കുന്തമുനയായ ടോണി ക്രൂസ് ഒരു മാസം മുമ്പ് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നതാണ് കാസിമിറോയുടെ ക്ലബ് മാറ്റത്തെ പറ്റി ഫുട്‌ബോള്‍ ലോകം വീണ്ടുമോര്‍ക്കാന്‍ കാരണം.

ലാ ലീഗയില്‍ നിന്നും വിട പറഞ്ഞ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് കാസെമിറോ മാറിയത് പണത്തിന് വേണ്ടി മാത്രമായിരുന്നെന്ന സൂചനകളാണ് ക്രൂസിന്റെ വാക്കുകള്‍ നല്‍കുന്നത്.

70.65 മില്യണ്‍ യൂറോയുടെ കരാറിനായിരുന്നു കാസെമിറോയെ യുണൈറ്റഡ് വാങ്ങിയത്. ആഴ്ചയില്‍ 420,000 യൂറോയാണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസെമിറോ പോയപ്പോള്‍ താന്‍ അനുഭവിച്ച വിഷമത്തെ കുറിച്ചും താരം ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘കാസെമിറോ ക്ലബ് വിട്ടുപോയത് എന്നെയും അത്ഭുതപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മുമ്പാണ് ആ ട്രാന്‍സ്ഫറിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും സത്യമാകാറില്ല.

പക്ഷെ പോകുകയാണെന്ന് അവന്‍ വന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെയായി. ശരിക്കും വിഷമം തോന്നി. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അവനൊപ്പം കളിച്ചതും ഞങ്ങളൊന്നിച്ച് നിന്ന് നേടിയ വിജയങ്ങളുമെല്ലാം എന്റെ മനസിലേക്ക് വന്നു.

ഇംഗ്ലണ്ടില്‍ ടെലിവിഷന്‍ കാശ് വളരെ കൂടുതലാണ്. കുറെ വര്‍ഷങ്ങളായി അങ്ങനെയാണ്. പക്ഷെ എന്നുവെച്ച് ലോകത്തെ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും ഇംഗ്ലീഷ് ടീമുകളല്ല ജയിക്കുന്നത്. കാരണം ചില കളിക്കാരെങ്കിലും സാലറി നോക്കിയല്ല, ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്,’ ക്രൂസ് പറയുന്നു.

സ്പാനിഷ് മാധ്യമത്തോടായിരുന്നു ക്രൂസിന്റെ ഈ പ്രതികരണമെന്ന് ടീംടോക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രാന്‍സ്ഫറിന് തൊട്ടുപിന്നാലെ തന്നെ ക്രൂസ് പറഞ്ഞതിന് സമാനമായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ലാ ലീഗയേക്കാള്‍ ശക്തമാണ് പ്രീമിയര്‍ ലീഗെന്നും അതിനാലാണ് ക്ലബ് മാറാന്‍ തീരുമാനിച്ചതെന്നുമായിരുന്നു കാസെമിറോയുടെ മറുപടി.

2016, 2017, 2018 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ റയല്‍ മാഡ്രിഡ് ടീമിലെ ഗംഭീര കൂട്ടുകെട്ടായിരുന്നു ക്രൂസും കാസെമിറോയും. 237 മത്സരങ്ങളില്‍ ഒന്നിച്ചിറങ്ങിയ ഇവര്‍ ചാമ്പ്യന്‍സ് ലീഗും ലാ ലീഗയുമടക്കം 16 കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കാസെമിറോയുടെ അപ്രതീക്ഷിതമായ ട്രാന്‍സ്ഫര്‍ ക്രൂസിനെ മാത്രമല്ല ടീമിനെയും ആരാധകരെയും ഒരുപോലെ വിഷമിപ്പിച്ചിരുന്നു.

Content Highlight: Tony Kroos about Casemiro’s transfer to Manchester United from Real Madrid

We use cookies to give you the best possible experience. Learn more