മൂന്ന് മാച്ചില്‍ ടീം 116, 83, 99; കഴിഞ്ഞ ദിവസം ഇവന്‍ ഒറ്റക്ക് 119*; ഇന്ത്യയെ കൊന്ന് കൊലവിളിച്ചവന്‍
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 46.2 ഓവരില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. യുവതാരം സായ് സുദര്‍ശന്റെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
സായ് സുദര്‍ശന്‍ 83 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 64 പന്തില്‍ 56 റണ്‍സാണ് നേടിയത്. 17 പന്തില്‍ 18 റണ്‍സടിച്ച അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മൂന്നാമത് താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ടോണി ഡി സോര്‍സിയുടെയും റീസ ഹെന്‍ഡ്രിക്‌സിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
122 പന്തില്‍ നിന്നും പുറത്താകാതെ 119 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് സൗത്ത് ആഫ്രിക്കന്‍ വിജയം എളുപ്പമാക്കിയത്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണിത്. കളത്തിലിറങ്ങിയ നാലാം അന്താരാഷ്ട്ര ഏകദിനത്തിലാണ് സോര്‍സിയുടെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നത്.
ഇതിന് മുമ്പ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയ അവസാന മൂന്ന് മത്സരങ്ങളില്‍ ടീം നേടിയ ടോട്ടലിനേക്കാളധികം ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്താണ് സോര്‍സി തന്റെ ഹാര്‍ഡ് ഹിറ്റിങ് വ്യക്തമാക്കിയത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 116 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതിന് മുമ്പ് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന മത്സരത്തില്‍ 83 റണ്‍സും 99 റണ്‍സും മാത്രമാണ് ടീം എന്ന നിലയില്‍ പ്രോട്ടിയാസിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ഇതിനെ കവച്ചുവെച്ചുകൊണ്ടാണ് സോര്‍സി തിളങ്ങിയത്.
ഈ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സോര്‍സി തന്നെയായിരുന്നു.
അതേസമയം, സെന്റ് ജോര്‍ജ്‌സിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും സൗത്ത് ആഫ്രിക്കക്കായി. ഡിസംബര്‍ 21നാണ് സീരീസ് ഡിസൈഡര്‍ മത്സരം. പാളിലെ ബോളണ്ട് പാര്‍ക്കാണ് വേദി.
Content Highlight: Tony de Zorzi’s brilliant innings against India