താന്‍ സ്ഥാപിച്ച റെക്കോഡുകള്‍ ലയണല്‍ മെസി മറികടക്കുമോ എന്ന ഭയമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുന്‍ സൂപ്പര്‍ താരം ടോണി കാസ്‌കറിനോ.
ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ഗോള്‍വേട്ടയുടെ റെക്കോഡ് മെസി മറിടന്നേക്കുമോ എന്നുള്ള ഭയമാണ് താരത്തെ വീണ്ടും ചാമ്പ്യന്‍സ് ലീഗിലേക്ക് പോവാന്‍ പ്രേരിപ്പിക്കുന്നതെന്നും കാസ്‌കറിനോ പറയുന്നു.
റൊണാള്‍ഡോ വളരെ മികച്ച താരമാണെന്നും എന്നാല്‍ അത്രതന്നെ താരത്തിന് ഈഗോയുമുണ്ടെന്നും കാസ്‌കറിനോ പറഞ്ഞു. ടോക് സ്‌പോര്‍ടിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘അതുല്യനായ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അതുപോലെ തന്നെ അദ്ദേഹത്തിന് ഈഗോയുമുണ്ട്. ഇതില്‍ പലതും അവനെ കുറിച്ച് തന്നെയുള്ളതുമാണ്.
അവന്‍ കളിച്ച ടീമുകളെല്ലാം തന്നെ വിജയിച്ചിട്ടുണ്ട്. അതിനാല്‍ എല്ലായ്‌പ്പോഴും ഒരു ടീം പ്ലെയര്‍ എന്ന നിലയിലാവും അതിനൊപ്പം പോകുന്നത്.
മികച്ച പല ഗോളുകള്‍ അവന്‍ നേടിയിട്ടുണ്ട്. ആ നേട്ടത്തിനുള്ള അംഗീകാരങ്ങളും അവനെ തേടിയെത്തിയിട്ടുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ .
നിങ്ങള്‍ നല്ല രീതിയില്‍ കളിക്കുമ്പോഴും വിജയിക്കുമ്പോഴും അതെല്ലാം തന്നെ നല്ലതായിരിക്കും, എന്നാല്‍ അതിന് സാധിക്കാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
എനിക്ക് ചില സംശയങ്ങളുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 141 ഗോളുകളാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്, മെസിക്ക് 125 ഗോളുമാണുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാതിരിക്കാന്‍ റൊണാള്‍ഡോക്ക് ആഗ്രഹമുണ്ടാകും എന്ന് തോന്നുന്നില്ല.
കാരണം ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ ആവാനായിരിക്കും റൊണാള്‍ഡോ ആഗ്രഹിക്കുന്നത്. അവന്‍ അങ്ങനെയാണ്.’ കാസ്‌കറിനോ പറഞ്ഞു.
എന്നാല്‍ മറ്റൊരു അഭിപ്രായമാണ് ആഴ്‌സണലിന്റെ മുന്‍ സൂപ്പര്‍ താരം പോള്‍ മേഴ്‌സണുള്ളത്. റൊണാള്‍ഡോ പി.എസ്.ജിയിലേക്ക് കൂടുമാറണമെന്നും മെസിക്കൊപ്പം കളിക്കാനുമാണ് താരം ഉപദേശിക്കുന്നത്.
മെസി, എംബാപെ, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം റൊണാള്‍ഡോ കളിക്കണമെന്നും കിരീടം നേടാന്‍ അതാവും ഏറ്റവും മികച്ചതെന്നുമാണ് മേഴ്‌സണ്‍ പറയുന്നത്.
ഈ സീസണോടെ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടും എന്ന വാര്‍ത്തകള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, നാപ്പോളി എന്നീ ക്ലബ്ബുകളാണ് റൊണാള്‍ഡോക്ക് വേണ്ടി രംഗത്തുള്ളത്.
ഇതിനു പുറമെ ക്രിസ്റ്റ്യാനോയുടെ മുന്‍ കളിത്തട്ടകമായ സ്‌പോര്‍ട്ടിങ് സി.പിയും താരത്തിനായി രംഗത്തുണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ റോണൊയെ വിട്ടുകൊടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
Content Highlight: Tony Cascarino about Cristiano Ronaldo and Lionel Messi