| Monday, 1st January 2024, 9:48 am

ഗസ നിവാസികളെ ഒഴിപ്പിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നെതന്യാഹു കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഫലസ്തീനി അഭയാർത്ഥികളെ മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ചയുടെ നടത്തിയതായി ഇസ്രഈലി മാധ്യമം ചാനൽ 12.

ഫലസ്തീനി അഭയാർത്ഥികളെ എവിടേക്ക് മാറ്റിപ്പാർപ്പിക്കണമെന്നത് സംബന്ധിച്ച ചുമതല ടോണി ബ്ലെയർ ഏറ്റെടുക്കുന്നതിന്റെ സാധ്യതകൾ തേടി നെതാന്യാഹുവും ഇസ്രഈൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

അതേസമയം ബ്ലെയറിന്റെ ഓഫീസ് റിപ്പോർട്ടുകൾ തള്ളിയതായി മാധ്യമപ്രവർത്തകൻ ബാറക് റേവിഡ് എക്‌സിൽ അറിയിച്ചു.

‘ഗസ നിവാസികളെ ഒഴിപ്പിക്കുന്നതുമായി മിസ്റ്റർ ബ്ലെയറിന് യാതൊരു ബന്ധവുമില്ല. അത്തരത്തിൽ യാതൊരു ചർച്ചകളും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാകുകയുമില്ല,’ ബ്ലെയറിന്റെ ഓഫീസ് വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റേവിഡ് പറഞ്ഞു.

ഫലസ്തീനികളെ പൂർണമായി ഒഴിപ്പിക്കുമെന്നും പകരം ഗസ മുനമ്പിൽ ഇസ്രഈലികൾ ജീവിക്കുമെന്നും ഇസ്രഈൽ ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച് പറഞ്ഞിരുന്നു.

ഒക്ടോബറിൽ ഇസ്രഈൽ ആക്രമണം ആരംഭിച്ചത് മുതൽ 18 ലക്ഷം ഫലസ്തീനികളാണ് ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ടത്. ഗസയിലെ 70 ശതമാനം വീടുകളും പകുതിയോളം കെട്ടിടങ്ങളും ഇസ്രഈലിന്റെ വ്യോമാക്രമണത്തിൽ തകർന്നതായി വോൾ സ്ട്രീറ്റ്‌ ജേണൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുവരെ ഇസ്രഈലി ആക്രമണങ്ങളിൽ 28,822 പേർ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ധാരാളം ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ എത്രയോ അധികമാകാം മരണസംഖ്യ എന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പറയുന്നത്.

Content Highlight: Tony Blair reportedly tapped to relocate Palestinian refugees from Gaza

We use cookies to give you the best possible experience. Learn more