|

അന്ന് ആ ഹിറ്റ് ചിത്രത്തിലേക്ക് എന്നെ റെക്കമെന്റ് ചെയ്തത് മമ്മൂക്ക; അദ്ദേഹം അത് ആരോടും പറയില്ല: ടോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ നടനാണ് ടോണി ആന്റണി. മിഖായേലിന്റെ സന്തതികള്‍ എന്ന ജനപ്രിയ ടി.വി സീരിയലിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ടോണി മിഖായേലിന്റെ സന്തതികള്‍ സീരിയലിന്റെ രണ്ടാം ഭാഗമായി എത്തിയ പുത്രന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

ശേഷം കെ. മധു, സാജന്‍, ജോസ് തോമസ്, ഐ.വി ശശി ഉള്‍പ്പെടെയുള്ള മുന്‍നിര സംവിധായകരുടെ സിനിമകളില്‍ ടോണിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. 1989ല്‍ പുറത്തിറങ്ങിയ കെ. മധു ചിത്രമായ ജാഗ്രതയിലും ടോണി അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ടോണി ആന്റണി.

അതിന് മുമ്പുള്ള സിനിമകളിലൊക്കെ തന്നെ റെഫറ് ചെയ്തിരുന്നത് മമ്മൂട്ടി ആയിരുന്നെന്നും ഐ.വി ശശിയുടെയും സാജന്റെയും സിനിമകളില്‍ അദ്ദേഹം തന്നെ റെക്കമെന്റ് ചെയ്തിരുന്നെന്നും ടോണി പറയുന്നു. ജാഗ്രതയിലും മമ്മൂട്ടി തന്നെയാകും റെക്കമെന്റ് ചെയ്തതെന്ന് പറയുന്ന ടോണി താനാണ് റെക്കമെന്റ് ചെയ്തതെന്ന് മമ്മൂട്ടി എല്ലാവരോടും പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജാഗ്രത സിനിമയില്‍ എനിക്ക് നാല് സീനുകളായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോഴും ആ കഥാപാത്രത്തെ ആളുകള്‍ ഓര്‍ക്കുന്നുണ്ട്. റിസപ്ഷനിസ്റ്റായിട്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ഒരുപാട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചെറിയ വേഷമായിരുന്നു അത്. മമ്മൂക്കയായിരുന്നു എന്നെ അതിന് മുമ്പുള്ള സിനിമകളിലൊക്കെ റെഫറ് ചെയ്തിരുന്നത്.

ഐ.വി ശശിയേട്ടന്റെയും സാജന്റെയും സിനിമകളില്‍ എന്നെ അദ്ദേഹം റെക്കമെന്റ് ചെയ്തിരുന്നു. കുറേ പടങ്ങളില്‍ മമ്മൂക്ക റെഫറ് ചെയ്തു. ഇതും (ജാഗ്രതയിലെ വേഷം) ചിലപ്പോള്‍ അദ്ദേഹം തന്നെയായിരിക്കണം റെക്കമെന്റ് ചെയ്തത്.

ഒരു കഥാപാത്രം വരുമ്പോള്‍ അദ്ദേഹം എന്തായാലും ശ്രദ്ധിക്കുമല്ലോ. അയാള്‍ ചെയ്താല്‍ നന്നാകുമെന്ന് ചിലപ്പോള്‍ മമ്മൂക്ക പറഞ്ഞുകാണും. അദ്ദേഹം അങ്ങനെ ഞാനാണ് റെക്കമെന്റ് ചെയ്തതെന്ന് എല്ലാവരോടും പറയില്ല,’ ടോണി ആന്റണി പറഞ്ഞു.

Content Highlight: Tony Antony Talks About Mammootty