| Tuesday, 11th June 2024, 12:39 pm

ഫുട്ബോളിൽ നിന്നും വിരമിച്ചാലും ടോണി ക്രൂസ് റയൽ മാഡ്രിഡ് വിടില്ല; വെളിപ്പെടുത്തലുമായി ജർമൻ സ്നൈപ്പർ

സ്പോര്‍ട്സ് ഡെസ്‌ക്

ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസ് തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന യൂറോകപ്പ് മാമാങ്കത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യൂറോപ്പിനു ശേഷം തന്റെ 17 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ടുകൊണ്ട് ജര്‍മന്‍ സ്‌നൈപ്പര്‍ ബൂട്ട് അഴിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടോണി ക്രൂസ്. ഔട്ട്‌ലെറ്റ് കിക്കര്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജര്‍മന്‍ സൂപ്പര്‍ താരം.

‘ഫുട്‌ബോളില്‍ എന്റെ മികച്ച പ്രകടനങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് തന്നെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഭാവിയില്‍ ഞാന്‍ റയല്‍ മാഡ്രിന്റെ യൂത്ത് അക്കാദമിയില്‍ പ്രവര്‍ത്തിക്കും,’ ടോണി ക്രൂസ് പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തിൽ റയല്‍ മാഡ്രിഡില്‍ നിന്നും ടോണി ക്രൂസ് പടിയിറങ്ങിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കികൊണ്ടാണ് ടോണി റയലില്‍ നിന്നും മടങ്ങിയത്.

2013ല്‍ ജര്‍മൻ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് ടോണി ക്രൂസ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. നീണ്ട 11 വര്‍ഷക്കാലം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു അവിസ്മരണീയമായ കരിയറാണ് ടോണി കെട്ടിപ്പടുത്തിയര്‍ത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം 465 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളും 99 അസിസ്റ്റുകളുമാണ് താരം നേടിയത്.

ടോണി ക്രൂസിന്റെ മുന്നിലുള്ളത് ഇനി തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഒരിക്കലും നേടാന്‍ സാധിക്കാതെ പോയ യൂറോ കിരീടമാണ്. തന്റെ അവസാന മേജര്‍ ടൂര്‍ണമെന്റില്‍ ജര്‍മനിയോടൊപ്പം യൂറോ കിരീടം നേടിക്കൊണ്ട് ക്രൂസ് പടിയിറങ്ങും എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം വരാനിരിക്കുന്ന യൂറോകപ്പില്‍ ഗ്രൂപ്പ് എ യിലാണ് ജര്‍മനി ഇടം നേടിയിട്ടുള്ളത്. ജര്‍മനിക്കൊപ്പം സ്‌കോട്‌ലാന്‍ഡ്, ഹംഗറി, സ്വിസര്‍ലാന്‍ഡ് എന്നീ ടീമുകളാണ് കിരീടം പോരാട്ടത്തിനായി മാറ്റുരക്കുന്നത്. ജൂണ്‍ 15ന് സ്‌കോട് ലാന്‍ഡിനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം. ആലിയന്‍സ് അറീനയിലാണ് മത്സരം നടക്കുക.

Content Highlight: Toni Kroos reveals his future plans in Football

We use cookies to give you the best possible experience. Learn more