മത്സരത്തില്‍ ജര്‍മനിയുടെ മധ്യനിരയില്‍ കളംനിറഞ്ഞാണ് സൂപ്പര്‍താരം ടോണി ക്രൂസ് കളിച്ചത്. മത്സരത്തില്‍ 124 പാസുകളാണ് ജര്‍മന്‍ സ്നൈപ്പര്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും ടോണി ക്രൂസ് സ്വന്തമാക്കി.
യൂറോകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി മാറാനാണ് ടോണിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് സ്പാനിഷ് ഇതിഹാസ താരം സാവിയാണ്. 2012 യൂറോ കപ്പില്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിനെതിരെ 127 പാസുകളാണ് താരം നേടിയിട്ടുള്ളത്.
അതേസമയം ടോണി ക്രൂസ് ജര്‍മനി നാഷണല്‍ ടീമില്‍ നിന്നും വിരമിച്ചിരുന്നു. ഹാന്‍സി ഫ്‌ലിക്കിന് ശേഷം ജര്‍മന്‍ ഫുട്‌ബോളിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജൂലിയന്‍ നെഗ്ലസ്മാന്‍ റയല്‍ മാഡ്രിഡ് ഇതിഹാസത്തെ വീണ്ടും ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
ടോണിയുടെ വരവിന് പിന്നാലെ അവസാന ആറ് മത്സരങ്ങളിലും ജര്‍മനി തോല്‍വി അറിയാതെയാണ് മുന്നേറുന്നത്. ഒരുപാട് സൂപ്പര്‍താരങ്ങള്‍ ഉള്ള ജര്‍മന്‍ ടീമിലേക്ക് വീണ്ടും ടോണി ക്രൂസിനെ കോച്ച് തിരിച്ചു വിളിച്ചിട്ടുണ്ടെങ്കില്‍ ടോണിക്ക് മാത്രമായി ചെയ്യാന്‍ കഴിയുന്ന എന്തോ ഇപ്പോഴും ജര്‍മനിയുടെ മധ്യനിരയില്‍ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് താരത്തിന്റെ ഈ മിന്നും പ്രകടനങ്ങള്‍.