| Thursday, 9th May 2024, 10:26 am

ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാർ റയലാണെങ്കിൽ രാജാവ് ഇങ്ങേര് തന്നെ; ചരിത്രനേട്ടത്തിൽ ജർമൻ സ്‌നൈപ്പർ

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍.

ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് റയല്‍ ഫൈനലിലേക്ക് മുന്നേറിയത്.

റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റയലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഫൈനലുകള്‍ കളിക്കാന്‍ പോകുന്ന ആദ്യ താരം എന്ന നേട്ടമാണ് ടോണി ക്രൂസ് സ്വന്തമാക്കിയത്.

2013ല്‍ ബയേണ്‍ മ്യൂണിക്കിനൊപ്പമാണ് ക്രൂസ് ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്. എന്നാല്‍ പിന്നീട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ എത്തിയ ജര്‍മ്മന്‍ സൂപ്പര്‍ താരം 2014, 2016, 2017, 2018, 2022 എന്നീ സീസണുകളിലും ലോസ് ബ്ലാങ്കോസിനൊപ്പം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു.

ഇപ്പോഴിതാ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്തുകൊണ്ട് റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ തന്റെ ഏഴാം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനാണ് ക്രൂസ് തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

അതേസമയം മത്സരത്തില്‍ 68ാം മിനിട്ടില്‍ അല്‍ഫോണ്‍സോ ഡേവിസിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. അവസാനനിമിഷം പകരക്കാരനായി ഇറങ്ങിയ ജോസേലുവിന്റെ ഇരട്ട ഗോളിലൂടെ റയല്‍ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 88, 90+1 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ജോസേലുവിന്റെ ഗോളുകള്‍ പിറന്നത്.

ജൂണ്‍ രണ്ടിനാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് റയലിന്റെ എതിരാളികള്‍.

Content Highlight: Toni Kroos create a new record in UCL

Latest Stories

We use cookies to give you the best possible experience. Learn more