റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം റൊണാള്‍ഡോക്ക് പഴയ പ്രതാപത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്ന് മുന്‍ റയല്‍ താരം ടോണി ക്രൂസ്. 2018ല്‍ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്ന് പടിയിറങ്ങിയ ശേഷം യുവന്റസിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും അല്‍ നസറിലും അദ്ദേഹത്തിന് പഴയ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ക്രൂസ് പറയുന്നു.
‘റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം റൊണാള്‍ഡോയെ സംബന്ധിച്ച് ഒന്നും പഴയ പടിയായിരുന്നില്ല. കാരണം അദ്ദേഹം വിജയത്തിലും ട്രോഫികളിലും അത്രത്തോളം ആസക്തനായിരുന്നു. റയലില്‍ ഇത് അദ്ദേഹത്തിന് വേണ്ടുവോളമുണ്ടായിരുന്നു. എന്നാല്‍… എനിക്ക് തോന്നുന്നത് അദ്ദേഹവും ഇതേ രീതിയില്‍ തന്നെയായിരിക്കും ചിന്തിക്കുന്നത്,’ മാഡ്രിഡ് എക്‌സ്ട്രയിലൂടെ ക്രൂസ് പറഞ്ഞു.
റയലില്‍ റൊണാള്‍ഡോക്കൊപ്പം നാല് വര്‍ഷം പന്തുതട്ടിയ താരമാണ് ക്രൂസ്. 2014 മുതല്‍ റോണോ ക്ലബ്ബ് വിടുന്നത് വരെ ഇരുവരും ലോസ് ബ്ലാങ്കോസിന്റെ വെളുത്ത ജേഴ്‌സിയിലെത്തിയിരുന്നു.
റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായിരുന്നു റോണോ. 2009 മുതല്‍ 2018 വരെയുള്ള കാലയളലവില്‍ 438 മത്സരങ്ങളില്‍ ലോസ് ബ്ലാങ്കോസിനായി കളത്തിലിറങ്ങിയ താരം 450 ഗോളും 131 അസിസ്റ്റും സ്വന്തമാക്കി. റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനും സി.ആര്‍7 തന്നെയായിരുന്നു.
രണ്ട് ലാ ലീഗയും നാല് ചാമ്പ്യന്‍സ് ലീഗുമടക്കം റയലിന്റെ 15 കിരീടവിജയങ്ങളില്‍ റൊണാള്‍ഡോ ഭാഗമായിരുന്നു. സ്പാനിഷ് ക്ലബ്ബിനൊപ്പം യൂറോപ്പ് കീഴടക്കവെ 2018ലാണ് താരം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചുവടുമാറ്റിയത്.
രണ്ട് സീരീ എ കിരീടമടക്കം അഞ്ച് ട്രോഫികളാണ് റോണോ ഓള്‍ഡ് ലേഡിക്കൊപ്പം സ്വന്തമാക്കിയത്.
ശേഷം ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങിയെങ്കിലും തിളങ്ങാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ല. കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്‌നങ്ങളും പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖവുമെല്ലാം താരത്തിന് മാഞ്ചസ്റ്ററിന് പുറത്തേക്കുള്ള വഴിയൊരുക്കി.
നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് താരം കളിക്കുന്നത്.