| Thursday, 16th May 2024, 12:27 pm

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലുവയസ്സുകാരിക്ക് കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ; മാപ്പ് പറഞ്ഞ് ഡോക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആറാം വിരല്‍ നീക്കാനെത്തിയ നാലുവയസ്സുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലുവയസ്സുകാരി ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കെത്തിയ ആയിഷയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ട വീട്ടുകാര്‍ വിഷയം തിരക്കിയപ്പോളാണ് കാര്യമറിയുന്നത്. ചോദിച്ചപ്പോള്‍ നഴ്‌സ് ചിരിച്ചു കൊണ്ടാണ് മറുപടി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് കുട്ടിയുടെ കൈക്കും ശസ്ത്രക്രിയ നടത്തി.

സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നു കുടുംബം പറയുന്നു. രേഖകള്‍ മാറിപ്പോയതാണോ, ശസ്ത്രക്രിയ നടത്തേണ്ട കുട്ടി മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

അതേസമയം, കുട്ടിയുടെ തൊണ്ടക്ക് തടസ്സം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു ബുദ്ധിമുട്ടും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.

Content Highlight: Tongue surgery for 4-year-old girl who came to remove sixth finger

We use cookies to give you the best possible experience. Learn more