| Monday, 27th April 2020, 9:14 am

ബി.ജെ.പി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ടോമിന്‍ തച്ചങ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ് അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി.

കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. അച്ഛന്‍ മരണപ്പെട്ട കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി.

മാര്‍ച്ച് 17 നാണ് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട്  പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്.

കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more