സൗകര്യത്തിന് വേണ്ടി വീട്ടുപടിക്കല്‍ കെ.എസ്.ആര്‍.സി.ക്ക് ഡിപ്പോ ഉണ്ടാക്കിയതെല്ലാം ചരിത്രം, ഇനി അത് നടക്കില്ല: ടോമിന്‍ തച്ചങ്കരി
Kerala News
സൗകര്യത്തിന് വേണ്ടി വീട്ടുപടിക്കല്‍ കെ.എസ്.ആര്‍.സി.ക്ക് ഡിപ്പോ ഉണ്ടാക്കിയതെല്ലാം ചരിത്രം, ഇനി അത് നടക്കില്ല: ടോമിന്‍ തച്ചങ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 3:49 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ഇനി മുതല്‍ പുത്തന്‍ മുഖമാണെന്നും ജോലി സൗകര്യത്തിന് വീട്ടുപടിക്കല്‍ ഡിപ്പോ ഉണ്ടാക്കുകയും അതുവഴി പുതിയ സര്‍വീസ് നടത്തുകയും ചെയ്തതൊക്കെ ഇനി ചരിത്രം മാത്രമാണെന്നും എം.ഡി ടോമിന്‍ ജെ. തച്ചങ്കരി.

കെ.എസ്.ആര്‍.ടി.സിയില്‍ ജോലി കിട്ടിയിട്ട് വെറുതെയിരിക്കാമെന്ന് ഇനി ആരും കരുതേണ്ടെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. കേരള കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പി.എസ്.സി വഴി നിയമനം ലഭിച്ചവരെയെല്ലാം വിദൂര സ്ഥലങ്ങളിലാണ് നിയമിച്ചത്. ഏത് ദുര്‍ഘട സാഹചര്യത്തിലും ജോലി ചെയ്യാന്‍ അവര്‍ തയ്യാറായിരിക്കണമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.


ബി.ജെ.പിയ്ക്ക് കൂടുതലും വാഗ്ദാനങ്ങളാണ്, പ്രവൃത്തി കുറവും; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി നവീന്‍ പട്‌നായിക്


കോര്‍പ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതിന് ആരെങ്കിലുമൊക്കെ കാരണക്കാരാകാം. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ ബസുകളാണല്ലോ ഓടുന്നത്. അപ്പോള്‍ ബസ്സല്ല പ്രശ്‌നങ്ങള്‍ കാരണം. അത് കൈകാര്യം ചെയ്തതിലാണ് പാളിച്ചയുണ്ടായത്.

സ്വാധീനമുള്ളവര്‍ക്ക് കോര്‍പ്പറേഷനില്‍ എന്തുമാകാം എന്നതായിരുന്നു സ്ഥിതി. അല്ലാത്തവന് അടിമപ്പണി. ആ സാഹചര്യം വേണ്ട. ആരോഗ്യകരമായ യൂണിയന്‍ പ്രവര്‍ത്തനം എതിരല്ല. മുന്‍പ് പല എഗ്രിമെന്റുകളും നിലനിന്നിരുന്നു. യൂണിയന്‍ നേതാക്കള്‍ക്കൊന്നും സ്ഥലമാറ്റമില്ല. 15 വര്‍ഷമായി ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റിയിട്ട്. വര്‍ഷങ്ങളായി ഒരേ സ്ഥലത്താണ് ജോലി. എല്ലാ കാര്യങ്ങളിലുമുണ്ടായിരുന്ന ചിലരുടെ ഇടപെടല്‍ ഇപ്പോഴില്ലെന്നും തച്ചങ്കരി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ അവരുടെ മുതലാളിയെ തിരിച്ചറിഞ്ഞു. തൊഴിലും ശമ്പളവും നല്‍കുന്ന സര്‍ക്കാരാണ് മുതലാളി. എം.ഡി സര്‍ക്കാരിന്റെ പ്രതിനിധിയാണ്. എം.ഡിയേയും സര്‍ക്കാരിനേയും രണ്ടായി കാണാന്‍ ശ്രമിക്കരുത്. സര്‍ക്കാരിന് എപ്പോള്‍ വിശ്വാസമില്ലാതാകുന്നോ അന്ന് ഞാന്‍ പോകും- ടോമിന്‍ തച്ചങ്കരി പറഞ്ഞു.

മാനേജ്‌മെന്റിന്റെ പണി മാനേജ്‌മെന്റ് ചെയ്യും. തൊഴിലാളികള്‍ അവരുടെ പണി ചെയ്താല്‍ മതി. തുടക്കത്തില്‍ ചില പ്രതിഷേധങ്ങളൊക്കെ മാനേജ്‌മെന്റിനെതിരെ ഉണ്ടായെങ്കിലും സ്വന്തം യൂണിയന്‍കാരെപ്പോലും മാനേജ്‌മെന്റിന് എതിരായ സമരത്തിന് സര്‍ക്കാര്‍ അനുവദിച്ചില്ല.

പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നിര്‍ണായകമായിരുന്നു. ഇപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നുണ്ട്. ഒരു ബസ് ഓടിക്കുമ്പോള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കാനുള്ള തുകയെങ്കിലും മിച്ചമുണ്ടാകണമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.