തിരുവനന്തപുരം; കെ.എസ്.ആര്‍.ടി.സി അടക്കമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അടിസ്ഥാന പ്രശ്‌നം അനിയന്ത്രിതമായ യൂണിയനിസമാണെന്ന് കെ.എസ്.ആര്‍.ടി.സി മുന്‍ എം.ഡി. ടോമിന്‍ ജെ തച്ചങ്കരി. അത് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും തച്ചങ്കരി പറഞ്ഞു.
ട്രേഡ് യൂണിയന്‍ അല്ല കെ.എസ്.ആര്‍.ടിസി എന്ന നിലയിലായിരുന്നു ഞാന്‍ കണ്ട്. ഇതില്‍ എന്തെങ്കിലും ഒന്നേ നിലനില്‍ക്കുള്ളൂ. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടിസിയിലെ ട്രേഡ് യൂണിയനിസം ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനിസത്തില്‍ നിന്നും വളരെയധികം ആക്ടീവാണ്. അവര്‍ കരുതുന്നത് ഇങ്ങനെയാണ് ട്രേഡ് യൂണിയനിസം എന്നാണ്.
മാനേജ്‌മെന്റിന്റെ എല്ലാ ആക്ടിവിറ്റികളിലും അവര്‍ ഇടപെടും. ഇടപെടുന്നത് ട്രേഡ് യൂണിയന്റെ ഭാഗമാണെന്ന് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ അങ്ങനെയല്ല എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. അപ്പോള്‍ അങ്ങനെ നിന്നപ്പോള്‍ വളരെയധികം അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. ആ സ്പീഡിലാണ് ഞാന്‍ പോയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ അത് ശരിയല്ല ഞാന്‍ മാറുന്നതായിരിക്കും നല്ലതെന്ന് അവര്‍ കരുതി. – തച്ചങ്കരി പറയുന്നു.
ട്രേഡ് യൂണിയനുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് ഞാന്‍ അവിടെ നിന്നും പോന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു പരിധി വരെ ഞാന്‍ അവരെ എതിര്‍ത്തു. പക്ഷേ സ്ഥിരമായി അവരെ ഇല്ലാതാക്കുന്ന രീതിയിലേക്ക് പോയിക്കഴിഞ്ഞാല്‍ അത് ഈ സര്‍ക്കാരിന് പോലും ആശാസ്യകരമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇറങ്ങിയത്. ഇതിനെ അംഗീകരിച്ചുകൊണ്ട് എനിക്ക് ഇത്രയും സമയം തന്ന സര്‍ക്കാരിന് ഞാന്‍ നന്ദി പറയുകയാണ്.
അധികാരമേറ്റടുത്തതിന് ശേഷം തന്റെ എല്ലാ നീക്കങ്ങളും തടയാന്‍ ട്രേഡ് യൂണിയനുകള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ സര്‍ക്കാരിനെ സമീപിച്ചു. അപ്പോഴും സര്‍ക്കാര്‍ തന്നെ വിശ്വസിച്ച് തനിക്കൊപ്പം നിന്നു. പക്ഷേ അവസാന ഘട്ടത്തില്‍ യൂണിയനുകള്‍ ഒന്നടങ്കം രംഗത്തെത്തുകയും കെ.എസ്.ആര്‍.ടിസി ഡയരക്ടര്‍ ബോഡിലെ രണ്ട് പ്രതിനിധികള്‍ തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ യൂണിയന്‍ സെക്രട്ടറി രാജിഭീഷണിമുഴക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചു എന്നും അറിഞ്ഞു. മുഖ്യമന്ത്രിയുടെ നേര്‍ക്ക് പോലും വലിയ സമ്മര്‍ദ്ദമുണ്ടായിരിക്കാം- തച്ചങ്കരി പറയുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ നാളിതുവരെ താന്‍ നടത്തിയ ചില പരിഷ്‌കാരങ്ങള്‍ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അതിന്റെ ക്രഡിറ്റ് തനിക്കും സര്‍ക്കാരിനും മാത്രമെന്നും തച്ചങ്കരി പറഞ്ഞു. താന്‍ നടത്തിയ പരിഷ്‌കാരത്തിന് പിന്നാലെ വെറും ഒമ്പത് മാസം കൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം നിലയ്ക്ക് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കില്‍ അതൊരു സൂചനയാണ്.
യൂണിയന്‍ പ്രവര്‍ത്തനം വേണ്ടെന്നോ സമരം വേണ്ടെന്നോ അല്ല ഞാന്‍ പറയുന്നത്. സെക്രട്ടറിയേറ്റിനകത്ത് വരെ ഇത്തരം യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനര്‍ത്ഥം അവര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പണിമുടക്കി സമരത്തിനിറങ്ങണമെന്നല്ല. അതുപോലെ കെ.എസ്.ആര്‍.ടി.സിയിലെ യൂണിയന്‍ പ്രവര്‍ത്തനത്തെ താന്‍ നിരോധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും തച്ചങ്കരി പറയുന്നു.