ന്യൂദല്‍ഹി: ദല്‍ഹിയിലെ തുഗ്ലക് സാമ്രാജ്യകാലത്തെ ശവക്കല്ലറ രണ്ടുമാസം മുമ്പ് ശിവ ക്ഷേത്രമായി മാറ്റിയതായി റിപ്പോര്‍ട്ട്. ഹുമയൂണ്‍പൂര്‍ ഗ്രാമത്തിലെ സഫ്ദഗഞ്ചിലുള്ള ഗുംടിയെന്ന ചെറു ശവക്കല്ലറയാണ് ശിവക്ഷേത്രമായിമാറ്റിയിരിക്കുന്നത്.
ഒരു കുന്നിനുമുകളില്‍ കെട്ടിടങ്ങള്‍ക്കും പാര്‍ക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ കല്ലറ മാര്‍ച്ചില്‍ കാവിയും വെള്ളയും നിറത്തില്‍ പെയിന്റ് ചെയ്യുകയും അതിനുള്ളില്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയുമായിരുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സിറ്റിസണ്‍ ചാര്‍ട്ടര്‍ പൂര്‍ണമായി ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഒരു സ്മാരകത്തിനുള്ളിലോ ചുറ്റിലോ ആരും പെയിന്റടിക്കുകയോ, ചിത്രം വരയ്ക്കുകയോ വൈറ്റ് വാഷ് ചെയ്യുകയോ ചെയ്യരുതെന്നും സ്മാരകത്തിന്റെ ഒറിജിനാലിറ്റി നശിപ്പിക്കരുതെന്നുമാണ് സിറ്റിസണ്‍ ചാര്‍ട്ടറില്‍ പറയുന്നത്.
സംഭവത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്. “ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റിനോട് ഒരു അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെടും.” സിസോദിയ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഈ സ്മാരകത്തിന്റെ നവീകരണ പ്രവൃത്തികള്‍ ദല്‍ഹി ചാപ്റ്റര്‍ ഓഫ് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് നടത്തേണ്ടതായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് അതു നടന്നില്ലെന്ന് പ്രോജക്ട് ഡയറക്ടറായ അജയ് കുമാര്‍ പറയുന്നു. ” ഈ സ്മാരകം പൂട്ടിയിരുന്നു. പ്രാദേശികമായ എതിര്‍പ്പുകാരണം ഞങ്ങള്‍ക്ക് വര്‍ക്കു തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ പൊലീസുമായി അവിടെ പോയെങ്കിലും നവീകരണം നടന്നില്ല. ഇപ്പോള്‍ അത് ക്ഷേത്രമാക്കിയിരിക്കുന്നു. നമുക്ക് ആ സ്മാരകം നഷ്ടമായിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.
സ്മാരകത്തിനു സമീപത്ത് രണ്ട് കാവികളറിലുള്ള ബെഞ്ചുകളുണ്ട്. അതില്‍ പ്രദേശത്തെ ബി.ജെ.പി കൗണ്‍സിലര്‍ രാധിക അബ്രോള്‍ പോഗട്ടിന്റെ പേരെഴുതിയിട്ടുണ്ട്. എന്നാല്‍ സ്മാരകം നശിപ്പിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.