| Sunday, 28th January 2024, 4:04 pm

റൊണാള്‍ഡോയുടെ ലീഗിലേക്കില്ല, വേറെ ലീഗ് നോക്കാം; ഓഫറുകള്‍ തള്ളികളഞ്ഞ് ചെക്ക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിലേക്ക് പോകുന്നതിനേക്കാള്‍ ചെക്ക് ലീഗിലേക്ക് പോവാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ടോമസ് സൂസെക്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം അല്‍ നസറില്‍ കളിക്കുന്നതിനേക്കാള്‍ ചെക്ക് ലീഗിലേക്ക് പോവാനാണ് താല്പര്യപ്പെടുന്നതെന്നാണ് ടോമസ് സൂസെക് പറഞ്ഞത്.

‘കഴിഞ്ഞ സമ്മറില്‍ എനിക്ക് സൗദി ലീഗില്‍ നിന്നും ഒരു ഓഫര്‍ വന്നിരുന്നു. എന്നാല്‍ അത് ഞാന്‍ നിരസിച്ചു. ഞാന്‍ ചെക്ക് ലീഗിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. സൗദി അറേബ്യയും അമേരിക്കയും ചൈനയും ഒന്നും എനിക്ക് ഉള്ളതല്ല. ഇപ്പോള്‍ ഞാന്‍ വെസ്റ്റ് ഹാമില്‍ നന്നായി ആസ്വദിക്കുന്നുണ്ട്,’ ടോമസ് സൂസെകിനെ ഉദ്ധരിച്ച് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ഫുട്‌ബോള്‍ കരിയറില്‍ 186 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ടോമസ് നേടിയിട്ടുള്ളത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പത്ത് വിജയവും അഞ്ചു സമനിലയും ആറു തോല്‍വിയും അടക്കം 35 പോയിന്റുമായി ആറാം സ്ഥാനത്താണ് വെസ്റ്റ് ഹാം.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോ 2023ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദിയില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ ഈ ട്രാന്‍സ്ഫര്‍ യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ പല പ്രമുഖ താരങ്ങളും സൗദിയിലേക്ക് കൂടു മാറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോലോ കാന്റെ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ ലോക ഫുട്ബോളില്‍ സൗദി ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും സാധിച്ചിരുന്നു.

ഇതിനോടകം തന്നെ ഈ സീസണില്‍ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlight: Tomas Soucek refuse the Saudi pro League offer.

We use cookies to give you the best possible experience. Learn more