കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തില്‍ മനം മടുത്തും പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് വിട്ടു പോയ ടോം വടക്കനെ ട്രോളി സോഷ്യല്‍ മീഡിയ. കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നേതാവ് വി.വി രാജേഷിനെ വായടപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ടോം വടക്കനെ സോഷ്യല്‍ മീഡിയ ട്രോളുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയിലായിരുന്നു കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്ന മോദിയുടെ പ്രസംഗം കേള്‍പ്പിച്ച് രാജേഷിനെ വായടപ്പിച്ചത്. ടോം വടക്കന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ പതറുന്ന രാജേഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Also : വി.ടി ബല്‍റാം അറിഞ്ഞോ ? ടോം വടക്കന്‍ ബി.ജെ.പിയിലെത്തി !
ചര്‍ച്ചയില്‍ മോദിയുടെ 15 ലക്ഷം രൂപ വാഗ്ദാനത്തെ കുറിച്ച് അങ്ങനെയൊന്നില്ലെന്ന മട്ടില്‍ സംസാരിക്കുകയും തെളിവ് ചോദിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് വി.വി രാജേഷിന് അത് മുന്‍കൂട്ടിയറിഞ്ഞു തെളിവടങ്ങുന്ന വീഡിയോയുമായി സ്റ്റുഡിയോയില്‍ വന്നാണ് രാജേഷിനെ അന്ന് ടോം വടക്കന്‍ ഉത്തരം മുട്ടിച്ചത്.
ചര്‍ച്ചയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവേശനത്തോടെ ടോം വടക്കനെ പരിഹസിച്ച് വീണ്ടും പ്രചരിപ്പിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് അംഗീകരിക്കാനായില്ലെന്നും ദേശസ്‌നേഹം കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേരുന്നതെന്നുമായിരുന്നു ഇന്ന് ടോം വടക്കന്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രസംഗിച്ചത്.
എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.
അതേസമയം വടക്കന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഒരു തവണ നിങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചത്. പുല്‍വാമ ആക്രമണത്തിന് മുന്‍പായിരുന്നു ടോം വടക്കന്റെ ഈ ട്വീറ്റ്.
രണ്ട് ദിവസം മുന്‍പ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ടോം വടക്കന്‍ റീ ട്വീറ്റ് ചെയ്തിരുന്നു. വ്യോമാക്രമണം 22 ലോക്സഭാ സീറ്റ് നേടിത്തരുമെന്ന കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ “വൃത്തികെട്ട രാഷ്ട്രീയം” എന്നാണ് ടോം വടക്കന്‍ ഫെബ്രുവരി 28 ലെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.