| Thursday, 14th March 2019, 10:30 pm

ടോം വടക്കന്‍ ജീ... താങ്കളുടെ ഏത് പാപം കഴുകി കളയാനാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്

ജിതിന്‍ ടി പി

“നിങ്ങളുടെ എല്ലാ കുറ്റകൃത്യങ്ങളും ഇല്ലാതാകാന്‍ ഒരിക്കല്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതി”

2019 ഫെബ്രുവരി 3 ന് കോണ്‍ഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ ട്വിറ്ററില്‍ കുറിച്ചതാണിത്. അതേ ടോം വടക്കന്‍ 39 ദിവസങ്ങള്‍ക്ക് ശേഷം എത്തിയിരിക്കുന്നത് ബി.ജെ.പി പാളയത്തിലാണ്.

ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ ആക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമാണ് ടോം വടക്കന്റെ വിശദീകരണം.

അതായത് പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയെന്ന് പറയപ്പെടുന്ന വ്യോമാക്രണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തെളിവ് ചോദിച്ചത് ടോം വടക്കനിലെ ദേശസ്‌നേഹിയെ ഉണര്‍ത്തിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ALSO READ: പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്: വി.ടി ബല്‍റാം

എന്നാല്‍ 2009 ലും 2014 ലും ലോക്‌സഭാ സീറ്റിനായി മോഹിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും ഈ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പാര്‍ട്ടി വിടുന്നതെന്നും കേള്‍ക്കുന്നുണ്ട്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കായി കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെയും പുറത്തിറക്കിയിട്ടില്ല. ഒരേപേരുകള്‍ തന്നെ ഇരു കൂട്ടരുടേയും ലിസ്റ്റിലുള്ളതിനാലാണ് പട്ടിക പുറത്തുവിടാന്‍ വൈകുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ടെലിവിഷന്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന, ബി.ജെ.പി നേതാക്കളുടെ വ്യാജപ്രചരണങ്ങളെ പൊളിച്ചടുക്കിയിരുന്ന ഒരു നേതാവാണ് ഇന്ന് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്. പ്രിയങ്കയും രാഹുലും ഒരു വശത്ത് നിന്ന് കളം പിടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തനപരിചയമുള്ള നേതാവ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്നത്.

ALSO READ: ഹെെബി ഈഡന്‍, അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്; മൂന്ന് എം.എല്‍.എമാര്‍ക്ക് ലൈംഗീകാതിക്രമ കേസ്

ബി.ജെ.പിയ്ക്ക് വേണ്ടി കേരളത്തിലായിരിക്കുമോ അതോ ദേശീയതലത്തിലായിരിക്കുമോ പ്രവര്‍ത്തനം എന്ന ചോദ്യത്തിന് നാളെ നാഗാലന്റില്‍ പോയി കാമ്പയിന്‍ ചെയ്യാന്‍ പറഞ്ഞാലും പോകുമെന്നായിരുന്നു ടോം വടക്കന്റെ മറുപടി.

ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയെതിന്റെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നു എന്നായിരുന്നു വി.ടി ബല്‍റാം എം.എല്‍.എയുടെ ഇന്നലത്തെ വിലാപം. കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലേക്കു കൂടുമാറിപ്പോയത് ഏതെങ്കിലും മണ്ഡലം സെക്രട്ടറിയോ പ്രസിഡന്റോ അല്ലെന്നും ജനപ്രതിനിധികളായിരുന്നുവെന്നുമുള്ള വസ്തുത മറച്ചുവെച്ചായിരുന്നു ബല്‍റാമിന്റെ വാദം.

ഭരണം വിദൂര സ്വപനമായിരുന്ന നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് അധികാരം പിടിക്കാന്‍ വഴിയൊരുക്കി കൊടുക്കും വിധം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്മാരായ എം.എല്‍.എമാരാണ് കോണ്‍ഗ്രസ് പാളയം വിട്ടു പോയത്.ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ കോണ്‍ഗ്രസ് സമിതി അഹമ്മദാബാദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കോണ്‍ഗ്രസ് കൂടാരം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.

ALSO READ: വി.ടി ബല്‍റാം അറിഞ്ഞോ ? ടോം വടക്കന്‍ ബി.ജെ.പിയിലെത്തി !

മാര്‍ച്ച് എട്ടിനായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ ജവഹര്‍ ചാവ്ഡ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

വി.ടി ബല്‍റാം പറഞ്ഞത് പോലെ പോയവാരാരും ഏതെങ്കിലും മണ്ഡലം സെക്രട്ടറി ആയിരുന്നില്ല. നാലും അഞ്ചും തവണ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലും പാര്‍ലമെന്റിലും അംഗമായിരുന്ന പ്രധാന ചുമതലയുള്ള സംസ്ഥാന നേതാക്കളായിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത് നൂറോളം കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. എം.എല്‍.എമാരുടെ ഈ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചടക്കാന്‍ വരെ സഹായകരമായിട്ടുണ്ട്.

60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒമ്പത് എം.എല്‍.എമാരില്‍ ഏഴുപേര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലും ചേര്‍ന്നു. ഇവരെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കൂറുമാറിയ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലേക്ക് എത്തിക്കുകയും ചെയ്തു.

ALSO READ: മോദിയുടെ ആ 15 ലക്ഷം കിട്ടിയോ; ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവിനെ വായടപ്പിച്ച പഴയ ടോം വടക്കന്‍: ട്രോളി സോഷ്യല്‍ മീഡിയ

ആസാമില്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ 2016ല്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അദ്ദേഹമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഗോവയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസായിരുന്നു. 40 അംഗ സഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റം അധികാരത്തിലെത്തുന്നതിന് ബി.ജെ.പിയെ സഹായിച്ചു.

അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 45 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ മുന്‍ -മുഖ്യമന്ത്രി നബാം തുകി ഒഴികെയുള്ള എല്ലാവരും കോണ്‍ഗ്രസ് മുഖ്യമന്ത്രി പേമ കണ്ഡുവിന്റെ നേതൃത്വത്തില്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു.

മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 അംഗങ്ങളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കാലുമാറിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. എണ്ണമെടുത്താല്‍ ഇനിയും ഒത്തിരി എം.എല്‍.എമാരെ കിട്ടും.

എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ശബരിമല വിഷയത്തിലുള്‍പ്പടെ ഇത് നാം കണ്ടതാണ്. രാഹുല്‍ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനവും തെരഞ്ഞെടുപ്പ് പത്രികയിലെ ഗോ സംരക്ഷണവുമെല്ലാം ഇതിന്റെ ഭാഗമാണ്.

ALSO READ: നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു: ആഷിഖ് അബു

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നതിന് നേതൃപരമായി ഒരു റോളും വഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറാകാത്ത കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയുന്നത് എന്ന് കൂടി ഇതിനോടൊപ്പം പരിശോധിക്കേണ്ടതുണ്ട്.

ദല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി, അസമില്‍ എ.ജി.പി, മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബി.ബി.എം, യു.പിയില്‍ എസ്.പി-ബി.എസ്.പി, ഹരിയാനയില്‍ ഐഎന്‍എല്‍ഡി, രാജസ്ഥാനില്‍ ബി.എസ്.പി-എന്‍.പി.പി, മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച എസ്.പി-ബി.എസ്.പി എന്നിവരുമായി ധാരണയ്‌ക്കോ സീറ്റ് ചര്‍ച്ചയ്‌ക്കോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഘടിക്കാനാണ് ഇത് കാരണമാകുന്നത്. പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് തന്നെയാണ് ഇത്.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.