| Friday, 9th February 2024, 11:58 am

പത്ത് വർഷത്തെ റെക്കോഡും തകർത്ത് പാകിസ്ഥാന്റെ അന്തകൻ; ഇവന് മുന്നിൽ റബാദയും വീണു

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ ടോം സ്ട്രാക്കര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ പാകിസ്ഥാന്റെ ആറ് വിക്കറ്റുകളാണ് ടോം വീഴ്ത്തിയത്. 9.5 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.44 ആയിരുന്നു താരത്തിന്റെ ഇക്കോണമി.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഓസീസ് താരത്തെ തേടിയെത്തിയത്. അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 24 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റുകള്‍ നേടിയ ഈ മികച്ച പ്രകടനമാണ് അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ സെമി ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് സൗത്ത് ആഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയാണ്. 2014 ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു റബാദയുടെ തകര്‍പ്പന്‍ പ്രകടനം. അന്ന് വെറും 25 റണ്‍സ് വീട്ട് നല്‍കി ആറ് വിക്കറ്റുകള്‍ ആയിരുന്നു സൗത്ത് ആഫ്രിക്കന്‍ താരം നേടിയത്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 48.5 ഓവറില്‍ 179 പുറത്താവുകയായിരുന്നു.

പാക് ബാറ്റിങ്ങില്‍ അറഫാത്ത് മിന്‍ഹാസ് 61 പന്തില്‍ 52 റണ്‍സും അസാം അവൈസ് 91 പന്തില്‍ 52 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 49.1 ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓസീസ് ബാറ്റിങ് നിരയില്‍ ഹാരി ഡിക്‌സോണ്‍ 75 പന്തില്‍ 50 റണ്‍സും ഒല്ലി പീക്ക് 75 പന്തില്‍ 49 റണ്‍സും നേടി മികച്ച പ്രകടന നടത്തിയപ്പോള്‍ അവസാനം ഓവറുകളില്‍ ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

ഫെബ്രുവരി 11നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കുക. സഹാറ പാര്‍ക്ക് വില്ലോമൂര്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Tom Straker breaks Kagiso Rabada record in under 19 world cup.

We use cookies to give you the best possible experience. Learn more