| Tuesday, 19th December 2023, 12:23 pm

ലേലത്തില്‍ അവനെയൊന്നും ആരും വാങ്ങില്ല; പ്രതീക്ഷകള്‍ പങ്കുവെച്ച് ടോം മൂഡി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശകരമായ ലേലം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഏതെല്ലാം താരങ്ങളെ ഏതെല്ലാം ടീമുകള്‍ സ്വന്തമാക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

ഇപ്പോഴിതാ ലേലത്തിന് മുന്നോടിയായി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മൂഡി.

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ ലേലത്തില്‍ ഒരു ടീമും വാങ്ങില്ലെന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തില്‍ റെക്കോഡ് നേട്ടമുണ്ടാക്കുമെന്നുമാണ് മൂഡി പറഞ്ഞത്.

‘സ്റ്റീവന്‍ സ്മിത്തിനെ ഈ വര്‍ഷത്തെ ഐ.പി.എല്‍ ലേലത്തില്‍ ആരും വാങ്ങില്ലെന്ന് ഞാന്‍ കരുതുന്നു. നിലവില്‍ ഐ.പി.എല്ലില്‍ സാം കറന്റെ പേരിലുള്ള 18.50 കോടി രൂപയുടെ റെക്കോഡ് ഈ ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മറികടക്കും. അവന്‍ വലിയ നേട്ടമുണ്ടാക്കുമെന്നും ഞാന്‍ കരുതുന്നു,’ ടോം മൂഡിയെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ ആണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ സൈന്‍ ചെയ്ത താരം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റിലീസ് ആയ താരത്തെ പഞ്ചാബ് കിങ്സായിരുന്നു ഇംഗ്ലീഷ് ഓള്‍ റൗണ്ടറെ സ്വന്തമാക്കിയത്.

ഈ റെക്കോഡ് നേട്ടം മിച്ചല്‍ സ്റ്റാര്‍ക്ക് മറികടക്കുമെന്നാണ് മൂഡി പ്രതീക്ഷിക്കുന്നത്. അതേസമയം സ്റ്റീവ് സ്മിത്ത് ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടിയാണ് അവസാനമായി കളിച്ചത്.

ആവേശകരമായ ലേലത്തില്‍ ആരെല്ലാം ഏതെല്ലാം ടീമുകളില്‍ ഇടം നേടുമെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Tom moody talks about the IPL auction.

We use cookies to give you the best possible experience. Learn more