ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഏകദിനത്തിലെ പുതിയ നായകനായി ടോം ലാഥം തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരം കെയ്ന്‍ വില്യംസണിന് പകരക്കാരനായാണ് കിവീസിന്റെ ക്യാപ്റ്റന്‍ സ്ഥാനം ലാഥം ഏറ്റെടുത്തത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിന് ശേഷമാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. താരം ടീമിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്തായിരുന്നു.
ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു വില്യംസണിന് കീഴില്‍ കിവീസ് നടത്തിയത്. ന്യൂസിലാന്‍ഡിന് ലോകകപ്പിന്റെ സൂപ്പര്‍ 8ലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. നാലു മത്സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും തോല്‍വിയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു കിവിസ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടതാണ് ന്യൂസിലാന്‍ഡിന് തിരിച്ചടിയായത്.
ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്നത്. ബ്ലാക്ക് ക്യാപ്‌സിനൊപ്പം ഉള്ള നീണ്ട എട്ട് വര്‍ഷത്തെ ക്യാപ്റ്റനായുള്ള യാത്രയാണ് വില്യംസണ്‍ അവസാനിപ്പിച്ചത്.
വില്യംസണിന്റെ കീഴില്‍ 2021 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാന്‍ കിവീസിന് സാധിച്ചിരുന്നു. 2019 ഐ.സി.സി ഏകദിന ലോകകപ്പ്, 2021 ടി-20 ലോകകപ്പുകളിലും കാലിടറി വീഴുകകയായിരുന്നു. പിന്നീട് 2023ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിന്റെ സെമിവരെ മുന്നേറാനും ന്യൂസിലാന്‍ഡിന് സാധിച്ചിരുന്നു.
ഇതിനോടകം തന്നെ വില്യംസണിന്റെ അഭാവത്തില്‍ വൈറ്റ് ബോളില്‍ കിവീസിനെ ക്യാപ്റ്റന്‍ റോളില്‍ നിന്നും ലാഥം നയിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിനായി ഏകദിനത്തില്‍ 2012ല്‍ അരങ്ങേറ്റം കുറിച്ച താരം 147 മത്സരങ്ങളില്‍ 134 ഇന്നിങ്‌സുകളില്‍ നിന്നും 4099 റണ്‍സാണ് നേടിയിട്ടുള്ളത്. ഏഴ് സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
Content Highlight: Tom Latham is the New Captain of New Zealand Cricket Team