ഇന്ത്യയെ തകര്‍ത്തടിച്ച് ലാഥം-വില്യംസണ്‍ സഖ്യം; ആദ്യ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം
Cricket
ഇന്ത്യയെ തകര്‍ത്തടിച്ച് ലാഥം-വില്യംസണ്‍ സഖ്യം; ആദ്യ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th November 2022, 4:09 pm

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലാന്‍ഡ്.

ഇന്ത്യ പൊരുതി നേടിയ 307 റണ്‍സിന്റെ വിജയ ലക്ഷ്യം ന്യൂസിലാന്‍ഡ് അനായാസം സ്‌കോര്‍ ചെയ്യുകയായിരുന്നു. ഉജ്വല ഇന്നിങ്‌സോടെ ടോം ലാഥം, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ പുറത്താകാതെ 104 പന്തില്‍ നിന്ന് 145 റണ്‍സെടുത്ത ടോം ലാഥമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 98 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു.

19 ഫോറും അഞ്ച് സിക്‌സുമെടുത്ത ലാഥം ന്യൂസിലാന്‍ഡിനെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിക്കുകയായിരുന്നു. അതേസമയം ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഉമ്രാന്‍ മാലിക് 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷര്‍ദൂല്‍ താക്കൂറും ഒരു വിക്കറ്റെടുത്തു.

സെഞ്ച്വറിക്ക് ശേഷവും മികവ് കാട്ടിയ ലാഥം വ്യക്തിഗത സ്‌കോര്‍ 124 റണ്‍സിലെത്തിയതോടെ ഏകദിനങ്ങളില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന കിവീസ് താരമെന്ന ഖ്യാതി നേടി.

മറുവശത്ത് ലാഥമിന് പിന്തുണ നല്‍കി കെയ്ന്‍ വില്യംസണും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുവരുടെയും സഖ്യം ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 173 പന്തില്‍ 221 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചത്.

അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ച് ഇന്ത്യ 300 കടക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിങ്ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.

Content Highlights: Tom Latham and Kane Williamson master a memorable chase against India