അബുദാബി ടി-10 ലീഗില്‍ കിരീടമണിഞ്ഞ് ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ്. അബുദാബിയിലെ സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മോറിസ് വില്‍ സാംപ് ആര്‍മിയെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിന്റെ മൂന്നാം കിരീടമാണിത്.
മോറിസ്‌വില്‍ ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 19 പന്തും ബാക്കി നില്‍ക്കെ ഗ്ലാഡിയേറ്റേഴ്‌സ് മറികടക്കുകയായിരുന്നു. ഓപ്പണര്‍ ടോം കോലര്‍ കാഡ്‌മോറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗ്ലാഡിയേറ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ഗ്ലാഡിയേറ്റേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. പത്ത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് സാംപ് അര്‍മി സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചത്.
ഓപ്പണര്‍ ഫാഫ് ഡു പ്ലെസിയുടെ ചെറുത്തുനില്‍പാണ് സാംപ് അര്‍മിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. സഹതാരങ്ങള്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാടുപെട്ടപ്പോള്‍ 23 പന്തില്‍ നിന്നും 34 റണ്‍സാണ് ഫാഫ് സ്വന്തമാക്കിയത്. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
യു.എസ്.എ സൂപ്പര്‍ താരം ആന്‍ഡ്രീസ് ഗസ് ഒമ്പത് പന്തില്‍ 21 റണ്‍സ് നേടി സ്‌കോറിങ്ങില്‍ നിര്‍ണായകമായി. രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 233.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
കരീം ജന്നത് (എട്ട് പന്തില്‍ 16), ചരിത് അസലങ്ക (ആറ് പന്തില്‍ 13) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഗ്ലാഡിയേറ്റേഴ്‌സിനായി റിച്ചാര്‍ഡ് ഗ്ലീസണ്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആന്‌റിക് നോര്‍ക്യ, മഹീഷ് തീക്ഷണ, ഉസ്മാന്‍ താരിഖ്, ഇബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
105 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സ് തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ചു. ടോം കോലര്‍ കാഡ്‌മോറും ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ആദ്യ വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പത്ത് പന്തില്‍ 28 റണ്‍സ് നേടിയ പൂരന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 280.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെയെത്തിയ റിലി റൂസോയെയും ജോസ് ബട്‌ലറിനെയും ഒപ്പം കൂട്ടി കാഡ്‌മോര്‍ ഗ്ലാഡിയേറ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു.
🗣“Mr Consistency… TKC”
The Batter of the Tournament, Tom
Kohler-Cadmore 👏
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡിലുണ്ടായിരുന്ന ആറ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു കാഡ്‌മോര്‍. 2024 സീസണിന് മുമ്പേ നടന്ന മിനി താരലേലത്തിലാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ രാജസ്ഥാന്റെ ഭാഗമായത്. 40 ലക്ഷം രൂപയ്ക്കായിരുന്നു ടീം കാഡ്‌മോറിനെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരത്തിലാണ് കാഡ്‌മോര്‍ രാജസ്ഥാനായി കളത്തിലിറങ്ങിയത്. 16.00 ശരാശരിയില്‍ 48 റണ്‍സാണ് താരം കണ്ടെത്തിയത്. ടീമില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയതോടെ 2025 മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ കാഡ്‌മോറിനെ ടീമിലെടുത്തിരുന്നില്ല.
ഐ.പി.എല്ലില്‍ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഐ.പി.എല്ലിന് പുറത്തുള്ള മറ്റ് ലീഗുകളില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ ഐ.എല്‍ ടി-20യില്‍ ഷാര്‍ജ വാറിയേഴ്‌സിന്റെ ക്യാപ്റ്റനായും കാഡ്‌മോര്‍ പ്രവര്‍ത്തിച്ചിരുന്നു.
Content Highlight: Tom Kohler Cadmore scored half century: Deccan Gladiators win Abu Dhabi T10 League title