ന്യൂദല്‍ഹി: മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടേം ജോസ്. വെള്ളിയാഴ്ചയായിരിക്കും ഉത്തരവ് വരുന്നത്. ഉത്തരവ് വന്ന ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ എടുത്ത നടപടി അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിയമം ലംഘിച്ചിട്ടുള്ള മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പുതിയ ഉത്തരവ് മരട് ഫ്ളാറ്റ് സംബന്ധിച്ച സത്യവാങ്മൂലം പരിഗണിച്ചശേഷം പുറത്തിറക്കും. നിയമലംഘനങ്ങള്‍ തടയാനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നേരിട്ടു ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം മരട് ഫ്ളാറ്റ് പൊളിക്കല്‍ സംബന്ധിച്ചു പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന സത്യവാങ്മൂലം കോടതി തള്ളി. ഫ്ളാറ്റ് പൊളിക്കാന്‍ കൃത്യമായ പദ്ധതികള്‍ ഇപ്പോഴുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പുതിയ സത്യവാങ്മൂലം ലഭിക്കണമെന്നും കോടതി പറഞ്ഞു.
കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ആദ്യം ചോദിച്ചത് ചീഫ് സെക്രട്ടറി എവിടെ എന്നായിരുന്നു. തുടര്‍ന്ന് ടോം ജോസിനെ വിളിച്ചുവരുത്തി. ഫ്ളാറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്ന് രൂക്ഷമായ ഭാഷയില്‍ കോടതി ചോദിക്കുകയും ചെയ്തു.
വിധി നടപ്പാക്കാത്തത് ശരിയായ നടപടിയല്ലെന്നും കോടതി പറഞ്ഞു. ഫ്ളാറ്റ് പൊളിക്കാന്‍ മൂന്നൂമാസമെങ്കിലും വേണമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞപ്പോള്‍ കോടതി ഉടനെ തന്നെ അത് തള്ളുകയായിരുന്നു.