| Monday, 4th May 2020, 12:28 pm

'കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായി എല്ലാ സൗകര്യവും ഒരുക്കി'; എന്‍.ഒ.സിയുടെ കാര്യത്തില്‍ അതാത് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുമെന്നും ടോം ജോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ചീഫ് സെക്രട്ടറി ടോം ജോസ്.

രജിസ്റ്റര്‍ ചെയ്ത 30000 പേര്‍ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇലക്ട്രോണിക് പാസ് വാഹനങ്ങള്‍ക്കായി നല്‍കുകയും വരേണ്ട സമയവും ബോര്‍ഡര്‍ പോസ്റ്റും കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ വരികയാണെങ്കില്‍ കൊവിഡ് വാര്‍ റൂമില്‍ അറിയിച്ചാല്‍ അവരെ സഹായിക്കാനുള്ള എല്ലാ നടപടികളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് പാസ് കിട്ടിയവരാണെങ്കില്‍ പിന്നെ എന്‍.ഒ.സിയുടെ ആവശ്യമില്ല. അവര്‍ക്ക് നേരിട്ട് വരാം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. കര്‍ണാടകയും തമിഴ്‌നാടും എന്‍.ഒ.സി വേണമെന്ന് പറയുന്നുണ്ട്. എന്‍.ഒ.സി ലഭിക്കാന്‍ അതാത് ജില്ലകളിലെ കളക്ടര്‍മാരുമായാണ് ബന്ധപ്പെടേണ്ടത്.

ഇക്കാര്യത്തില്‍ അവരുടെ ചീഫ് സെക്രട്ടറിമാരുമായി സംസാരിക്കുന്നുണ്ടെന്നും ടോം ജോസ് പറഞ്ഞു. 12600 ഓളം ആളുകളെ ദിവസവും ചെക്ക് പോസ്റ്റുകളില്‍ ക്ലിയര്‍ ചെയ്യാനാണ് തീരുമാനം. വലിയ രീതിയിലുള്ള തിരക്ക് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നവരാണ്. ചില സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആളുകളെ അവിടേക്ക് എത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.

വലിയ രീതിയിലുള്ള ആളുകള്‍ എത്തിയാല്‍ അതിനുള്ള സംവിധാനം ഒരുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഹോള്‍ഡ് ചെയ്യാന്‍ പറഞ്ഞതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ആറ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലേക്ക് വരുന്നത്. ഈ യാത്രയ്ക്കായി അതാത് സംസ്ഥാനങ്ങളുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more