| Monday, 20th April 2020, 11:11 am

ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ടോം ജോസ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് നടപ്പാക്കിയതെന്നും ഇന്നലെ രാത്രി തന്നെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കില്‍ ഇനിയും കേന്ദ്രവുമായി ആശയവിനിമയം നടത്തും. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം തുടരേണ്ടി വരുമെന്നും ടോം ജോസ് പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരുകയാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് എ.ഡിജി.പി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം.

അതേസമയം ലോക് ഡൗണ്‍ ഇളവിന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്.

കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം.

കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more