| Thursday, 21st December 2023, 4:15 pm

വിലക്കിന്റെ കുരുക്ക്; ബെംഗളൂരു താരത്തിന് എട്ടിന്റെ പണി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ടോം കറന് വിലക്ക്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായിരുന്നു ടോം കറന്‍. ബിഗ് ബാഷ് ലീഗില്‍ അമ്പയറിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് താരം വിലക്കിന്റെ ശിക്ഷ ഏറ്റുവാങ്ങിയത്.

ഡിസംബര്‍ 11നായിരുന്നു വിലക്കിനാസ്പദമായ സംഭവം നടന്നത്. ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹറികെന്‍സ് – സിഡ്‌നി സിക്‌സേഴ്‌സ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തിയ ടോം കറന്‍ അവിടെ ഉണ്ടായിരുന്ന മാച്ച് ഉദ്യോഗസ്ഥനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

മത്സരം തുടങ്ങുന്നതിനു മുമ്പും മത്സരത്തിന്റെ ഇടവേളകളിലും ഗ്രൗണ്ട് പരിപാലിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ തടയാന്‍ ശ്രമിക്കുകയായിരുന്നു ടോം കറന്‍. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരത്തിന് നാല് മത്സരങ്ങളില്‍ വിലക്ക് നല്‍കിയത്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, സിഡ്നി തണ്ടര്‍, ബ്രിസ്ബെയ്ന്‍ ഹീറ്റ് എന്നീ ടീമുകള്‍ക്ക് എതിരെയുള്ള മത്സരങ്ങള്‍ ആണ് ടോം കറന് നഷ്ടമാവുക.

‘പിച്ചിലേക്ക് ഓട്ടം നടത്താന്‍ അമ്പയര്‍ പറയുന്നതിന് മുമ്പായി ടോം കറന്‍ ഒരു റണ്‍ അപ്പ് പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് അതേ പ്രവര്‍ത്തി തന്നെ മറ്റ് വശങ്ങളിലേക്കും കറന്‍ ചെയ്തു. ആ സമയത്ത് അമ്പയര്‍ ടോമിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവന്‍ നേരെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ഓടുകയായിരുന്നു,’ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നു.

ഹറികെന്‍സിനെതിരെയുള്ള മത്സരത്തില്‍ വെറും 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമായിരുന്നു ടോം കാഴ്ചവെച്ചത്.

അടുത്തിടെ നടന്ന 2024 ഐ.പി.എല്‍ താര ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 1.5 കോടിക്ക് ടോം കറനെ സ്വന്തമാക്കിയിരുന്നു.

അതേസമയം ബിഗ് ബാഷ് ലീഗില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സിഡ്നി സിക്‌സേഴ്‌സ്. ഡിസംബര്‍ 22ന് അഡലെയ്ഡ് സ്‌ട്രൈക്കേഴ്സുമായാണ് സിഡ്‌നി സിക്‌സേഴ്‌സിന്റെ അടുത്ത മത്സരം.

Content Highlight: Tom Curran banned for four matches in Big Bash League.

We use cookies to give you the best possible experience. Learn more