| Tuesday, 24th October 2023, 11:59 am

ടോം ക്രൂസിന്റെ 'മിഷന്‍ ഇംപോസിബിള്‍'; അടുത്ത ഭാഗം 2024ല്‍ റിലീസിങ്ങിനെത്തില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടോം ക്രൂസിന്റെ ‘മിഷന്‍ ഇംപോസിബിള്‍’. സിനിമയുടെ അടുത്ത ഭാഗം തിയേറ്ററുകളിലെത്തുന്നത് വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

2024 ജൂണ്‍ 28നായിരുന്നു ‘മിഷന്‍: ഇംപോസിബിള്‍ – ഡെഡ് റെക്കണിംങ്ങ് പാര്‍ട്ട് റ്റു’ പുറത്തിറങ്ങേണ്ടിയിരുന്നത്. ഇനി 2025 മെയ് 23നാകും സിനിമ ബിഗ് സ്‌ക്രീനുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ പകുതിയോടെ ഹോളിവുഡില്‍ ആരംഭിച്ചിരുന്ന സ്‌ട്രൈക്കുകള്‍ കാരണം നിര്‍മാണം നിര്‍ത്തിവെച്ചതാണ് സിനിമ വൈകുന്നതിന്റെ പിന്നിലെ കാരണമെന്നാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നത്. മിഷന്‍ ഇംപോസിബിളിന് പുറമെ ചില മാര്‍വല്‍ സിനിമകളും തിയേറ്ററിലെത്തുന്നത് വൈകുമെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അമേരിക്കന്‍ ആക്ഷന്‍ സ്‌പൈ സിനിമകളുടെ ഒരു സീരിസാണ് മിഷന്‍ ഇംപോസിബിള്‍. ഇംപോസിബിള്‍ മിഷന്‍സ് ഫോഴ്‌സിന്റെ (ഐ.എം.എഫ്) ഏജന്റായ ഏഥന്‍ ഹണ്ടിന്റെ വേഷം ചെയ്യുന്നത് ടോം ക്രൂസാണ്.

ഇതുവരെ മിഷന്‍ ഇംപോസിബിളിന്റെ ഏഴ് ഭാഗങ്ങളാണ് റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. 2023ലായിരുന്നു ക്രിസ്റ്റഫര്‍ മക്വറി (Christopher McQuarrie) എഴുതി സംവിധാനം ചെയ്ത ഏഴാമത്തെ ഭാഗമായ ‘മിഷന്‍: ഇംപോസിബിള്‍ – ഡെഡ് റെക്കണിംങ്ങ് പാര്‍ട്ട് വണ്‍ (Mission: Impossible – Dead Rockoning Part One)’ തിയേറ്ററുകളില്‍ എത്തിയിരുന്നത്.

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമറി’ന്റെയും മാര്‍ഗോട്ട് റോബിയുടെ ‘ബാര്‍ബി’യുടെയും റിലീസ് ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

മിഷന്‍ ഇംപോസിബിള്‍ ആഗോളതലത്തില്‍ 500 മില്യണ്‍ ഡോളറിലധികം കളക്ഷനായിരുന്നു നേടിയിരുന്നത്. ഇന്ത്യയില്‍, സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 21 ദിവസങ്ങള്‍ കൊണ്ട് 100 കോടി നേടിയിരുന്നു. കൂടാതെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ടോം ക്രൂസിന്റെ ആദ്യ ചിത്രമാണ് ഇത്.

Content Highlight: Tom Cruise’s Mission Impossible Next Part Will Not Be Released In 2024

We use cookies to give you the best possible experience. Learn more