ലോകമെമ്പാടും ഏറെ ആരാധകരുള്ള ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ മൂവി സീരിസായ മിഷന്‍ ഇംപോസിബിളില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഡെഡ് ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്ണിന് മികച്ച പ്രേക്ഷക പ്രതികരണം. 2500 ഓളം സ്‌ക്രീനിലാണ് ഇന്ത്യയില്‍ ഇന്ന് റിലീസ് ചെയ്തത്. ഒരു ടോം ക്രൂസ് സിനിമയുടെ ഇന്ത്യയിലെ ഏറ്റവും വലിയ റിലീസാണിത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ടോം ക്രൂസ് നായകനായ സീരീസിലെ ഏഴാമത്തെ ചിത്രമാണിത്. 2018 ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ – ഫാള്‍ ഔട്ട് ആയിരുന്നു ഈ സീരിസില്‍ പുറത്തുവന്ന മുന്‍ ചിത്രം. ക്രിസ്റ്റഫര്‍ മക് ക്വാറിയുടെ സംവിധാനത്തില്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ ബൈക്ക് കൊണ്ടുള്ള സ്റ്റണ്ട് രംഗങ്ങളുടെ ഷൂട്ടിങ് വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈമണ്‍ പെഗ്, വിംഗ് റൈവ്‌സ്, വനേസ കിര്‍ബി, ഹെയ്ലി അറ്റ് വെല്‍ തുടങ്ങിയ വമ്പന്‍ താര നിരയും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ തന്നെ കണ്ട് ആഘോഷിക്കനുള്ള വകുപ്പ് ഉണ്ടെന്നാണ് ചിത്രം കണ്ട ശേഷം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
പുതിയ ചിത്രത്തിലെ ചില രംഗങ്ങള്‍ സീരീസിലെ മുന്‍ സിനിമകളില്‍ നിന്ന് അവര്‍ത്തിച്ച് വരുന്നത് മടുപ്പ് ഉളവാക്കിയെന്നും എന്നാല്‍ ആക്ഷന്‍ സീനുകളും ടോം ക്രൂസിന്റെ സ്റ്റണ്ട് രംഗങ്ങളും മികച്ചത് തന്നെ ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
റിലീസിന് മുമ്പ് ലോകമെമ്പാടും സംഘടിപ്പിച്ച പ്രിവ്യു ഷോകളില്‍ നിന്ന് സിനിമക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. ക്രിട്ടികുകളുടെ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിങ് രണ്ടാം ഭാഗം 2024 ലാകും റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായും ആരാധകര്‍ ഏറെ കാത്തിരിപ്പിലാണ്. കൊവിഡ് മഹമാരി മൂലമാണ് മിഷന്‍ ഇംപോസിബിള്‍ സീരിസുകളില്‍ ചിത്രം വരാന്‍ വൈകിയത്. സീരിസിലെ ആദ്യ ചിത്രം റിലീസായി 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിങ് പുറത്തിറങ്ങുന്നത് എന്ന സവിശേഷതയുമുണ്ട്.
ഇംഗ്ലീഷ് പതിപ്പിന് പുറമെ ചിത്രം മൊഴിമാറ്റി ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഇന്ത്യയില്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. ഫ്രെസെര്‍ ടാഗര്‍ട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Tom Cruise’s Mission Impossible dead reckoning gets positive reviews