| Wednesday, 28th June 2023, 8:41 am

പേടിയാണ്, ഉറങ്ങിയിട്ട് മൂന്നാല് ദിവസമായി, ഇനി ഇത്തരം വീഡിയോ ഉണ്ടാക്കില്ല; ഗോഡ്ഫാദര്‍ വീഡിയോക്ക് പിന്നിലെ ടോം ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവരെ ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്ത് ഗോഡ്ഫാദര്‍ സിനിമയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സിനിമാ താരങ്ങളുള്‍പ്പെടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

എന്നാല്‍ ഇനി ഇത്തരം വീഡിയോ താന്‍ ഉണ്ടാക്കില്ലെന്ന് പറയുകയാണ് വീഡിയോയുടെ സ്രഷ്ടാവായ ടോം ആന്റണി. താന്‍ പേടിച്ചാണ് സംസാരിക്കുന്നതെന്നും ഉറങ്ങിയിട്ട് മൂന്നാല് ദിവസമായെന്നും ടോണി പറഞ്ഞു. ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്ക് വേണമെങ്കിലും ഇത്തരം വീഡിയോ ഉണ്ടാക്കാമെന്നും വേണമെങ്കില്‍ പോണ്‍ വീഡിയോ ഉണ്ടാക്കാമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ടോം പറഞ്ഞു.

‘ഗോഡ്ഫാദര്‍ വീഡിയോ ഉണ്ടാക്കിയത് ഞാനാണ്. എന്നാല്‍ അതില്‍ ഒരു അഭിമാനവുമില്ല. കാരണം ഇത്രയും വൈറലാവുമെന്ന് വിചാരിച്ചില്ല. ഇങ്ങനെ ഒരു ടെക്‌നോളജി ഉണ്ടെന്ന് ആളുകളെ അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഈ വീഡിയോ മീഡിയോക്കറാണെന്ന് കുറച്ച് പേര്‍ക്കെങ്കിലും തോന്നും. കാരണം അത് ഫേക്കാണെന്ന് മനസിലാവും. അത് ഞാന്‍ അറിഞ്ഞോണ്ട് ചെയ്തതാണ്. എനിക്ക് ഇതിലും നന്നായി ചെയ്യാനറിയാം.

എന്നാല്‍ ഞാന്‍ ഉറങ്ങിയിട്ട് മൂന്നാല് ദിവസമായി. ഇതിന് ഒരുപാട് ആപ്ലിക്കേഷന്‍സ് ഉണ്ട്. ഈ വീഡിയോ ഉണ്ടാക്കിയത് എ.ഐയുടെ ചെറിയൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ്. ഇത് പുതിയ ടെക്‌നോളജി അല്ല. അഞ്ച് വര്‍ഷം മുന്നേ ഇറങ്ങിയ ടെക്‌നോളജിയാണ്. ഇപ്പോഴാണ് ആളുകള്‍ അറിഞ്ഞിവരുന്നത്.

ഞാന്‍ എന്തോ വലിയ ജീനിയസാണെന്ന് പറഞ്ഞ് എനിക്ക് എന്തൊക്കെയോ കമന്റ്‌സ് വരുന്നുണ്ട്. എന്നാല്‍ അങ്ങനെ അല്ല. ഞാന്‍ നിങ്ങളെ പോലെ തന്നെയാണ്. ആര്‍ക്ക് വേണമെങ്കിലും ഇതുപോലെയുള്ള വീഡിയോസ് ഉണ്ടാക്കാം. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ മതി. നിങ്ങളുടെ മുഖം വെച്ച് വേറെ ഒരാള്‍ക്ക് വീഡിയോ ഇറക്കാം.

ഞാന്‍ പേടിച്ചാണ് സംസാരിക്കുന്നത്. ചുമ്മാ ഒരു വീഡിയോ ഉണ്ടാക്കിയിട്ടതാണ്. അത് വേറെ ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീപോസ്റ്റ് ചെയ്ത് അങ്ങ് വൈറലായിപ്പോയി. എനിക്ക് ഒരു കണ്‍ട്രോളും ഇല്ലാതായി. ആദ്യം എനിക്ക് സന്തോഷമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ കുറെ ഫോണ്‍ കോളുകളും മെസേജുകളും വരാന്‍ തുടങ്ങി. മീഡിയകള്‍ ബന്ധപ്പെട്ടു. എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ ഈ വീഡിയോ എങ്ങനെ ഉണ്ടാക്കി എന്നാണ്.

ഇന്നലെയും ഒരു മീഡിയ വീട്ടില്‍ വന്നിരുന്നു. അവര്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത് ഞാന്‍ എങ്ങനെയാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്നായിരുന്നു. കാണിച്ചുതരുമോ എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ ഡൗണായി പോയി. മൂന്നാല് ദിവസമായി ഉറങ്ങിയിട്ട്, ഉറങ്ങണം എന്ന് പറഞ്ഞാണ് അവരെ പറഞ്ഞുവിട്ടത്.

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ മുഖം വേണമെങ്കില്‍ ഒരു പോണ്‍ വീഡിയോയില്‍ ചേര്‍ക്കാം. മനസിലായെന്ന് വിചാരിക്കുന്നു. എനിക്ക് കൂടുതലൊന്നും പറയാനില്ല. ഞാന്‍ നിര്‍ത്തി. വേറെ ഒരാളുടെ മുഖം വെച്ച്, പെര്‍മിഷനില്ലാതെ ഇനി വീഡിയോസ് ഉണ്ടാക്കില്ല,’ ടോം പറഞ്ഞു.

Content Highlight: tom antony talks about his godfather video of mammootty and mohanlal

We use cookies to give you the best possible experience. Learn more