ടോള്‍ നിരക്കുകളില്‍ വര്‍ധന; സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്
Kerala
ടോള്‍ നിരക്കുകളില്‍ വര്‍ധന; സര്‍ക്കാര്‍ വാഗ്ദാനം പാഴ്‌വാക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2012, 11:18 am

പാലിയേക്കര: മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൈവേ നിര്‍മാതാക്കളായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി പുറത്തിറക്കിയ വിജ്ഞാനപത്തിലാണ് പുതിയ ടോള്‍ നിരക്കുകള്‍ അറിയിച്ചിരിക്കുന്നത്[]

ടോള്‍ പിരിവിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളേയും പ്രതിഷേധങ്ങളേയും അവഗണിച്ചാണ്  കമ്പനിയുടെ തീരുമാനം.

സ്പറ്റംബര്‍  ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. പുതിയ നിരക്കുകള്‍ അനുസരിച്ച് കാര്‍ ജീപ്പ്, വാന്‍ എന്നിവയുടെ ഒരു യാത്രയ്ക്ക് 60 രൂപയും ഒന്നിലധികം യാത്രക്ക് 90 രൂപയും പ്രതിമാസ പാസിന് 1790 രൂപയുമാണ് ഈടാക്കുക. ചരക്ക് വാഹനങ്ങള്‍ക്ക് 210, 315, 6260 എന്നീ നിരക്കിലേക്കും ഉയര്‍ത്തി.

ദേശീയ പാതാ അതോറിറ്റിയുടെ അനുമതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ടോള്‍ നിരക്കുകള്‍ കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍വ്വീസ് റോഡ് പൂര്‍ത്തിയാക്കിയ ശേഷം ടോള്‍ പിരിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ ഇതോടെ വെറുംവാക്കായിരിക്കുകയാണ്.