Kerala News
കളക്ടറുടെ അനുമതിയില്ല; കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 26, 02:52 am
Friday, 26th February 2021, 8:22 am

കൊല്ലം: കൊല്ലം ബൈപ്പാസില്‍ വെള്ളിയാഴ്ച മുതല്‍ ടോള്‍ പിരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. വെള്ളിയാഴ്ച 8 മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.

ജില്ലാ കളക്ടറുടെ അനുമതിയില്ലാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് കാണിച്ചാണ് പൊലീസ് പിരിവ് തടഞ്ഞത്. ടോള്‍ പിരിക്കാനുള്ള തീരുമാനം  ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസംം വാട്‌സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ കമ്പനി അറിയിച്ചത്.

തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കത്തയച്ചിരുന്നു.

ഒരു ദിശയിലേക്കുള്ള യാത്ര, ഇരുവശത്തേക്കുമുള്ള യാത്ര, ഒരു മാസത്തെ യാത്ര, കൊല്ലത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ എന്നിങ്ങനെ പ്രത്യേകം നിരക്കായിരുന്നു ടോളിനായി കമ്പനി നിശ്ചയിച്ചത്.

352 കോടി രൂപ ചെലവഴിച്ചാണ് കൊല്ലം ബൈപാസ് നിര്‍മിച്ചത്. ഇതില്‍ പകുതിത്തുകവീതം കേന്ദ്രവും സംസ്ഥാനവുമാണ് വഹിച്ചത്. ടോള്‍ പിരിവിലൂടെ പ്രതിവര്‍ഷം 11.52 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Toll collection at Kollam bypass stopped by police