ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നിയസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനും ചത്തീസ്ഗഢും മധ്യപ്രദേശും പിടിച്ചടക്കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
ഇത് കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് മോദിയെ സംബന്ധിച്ച് എളുപ്പമായിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന് ലഭിച്ച വിജയത്തില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് വരുംനാളുകളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കാളിത്തമുണ്ട്.
തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബി.ജെ.പി മുഖ്യമന്ത്രിമാരേയും അഭിനന്ദിക്കുന്നു. മാറ്റത്തിനുള്ള സമയം ഇതാണ്. വികസനം എന്തെന്ന് കോണ്‍ഗ്രസ് ഇനി കാണിച്ചുതരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മിസോറാമിലും തെലങ്കാനയിലും വിജയം നേടിയ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നില്‍ക്കുകയും കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിക്കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ഈ വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ നല്‍കുന്നത്.
കോണ്‍ഗ്രസ് വിജയിച്ച എല്ലാ സംസ്ഥാനങ്ങളിലും വിയര്‍പ്പൊഴുക്കിയത് അവരാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ഓരോരുത്തരോടും പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അത് നടപ്പാക്കിക്കൊടുക്കാനുമുള്ള കടമയുണ്ട്. അത് നേതൃത്വം ചെയ്തിരിക്കും.
രാജസ്ഥാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍; എം.എല്‍.എമാരുമായി ചര്‍ച്ചയ്ക്ക് ഹൈക്കമാന്റ്
കോണ്‍ഗ്രസിന് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവുമായി വലിയ വ്യത്യാസമുണ്ട്. എങ്കിലും ബി.ജെ.പി മുക്ത ഭാരതം വേണമൊന്നൊന്നും ഞങ്ങള്‍ പറയുന്നില്ല. എങ്കിലും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യും.
2014 ലെ തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ച് ഏറ്റവും ഗുണമായത്. അത് ഞാന്‍ അമ്മയോട് പറയാറുണ്ട്. ആ തെരഞ്ഞെടുപ്പില്‍ നിന്നും ഞാന്‍ ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. ഒരു രാഷ്ട്രീയനേതാവിന് ഏറ്റവും ആവശ്യം വിനയമാണെന്ന് ഞാന്‍ പഠിച്ചു.
തുറന്നുപറയാമല്ലോ എന്ത് ചെയ്യരുത് എന്ന പാഠം എന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന് വലിയ അവസരം ലഭിച്ചു. എന്നാല്‍ അത് അദ്ദേഹം തുലച്ചുകളഞ്ഞു. രാജ്യത്തിന്റെ ഹൃദയമിടിപ്പ് മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അവിടെ അഹങ്കാരമാണ് അദ്ദേഹത്തെ നയിച്ചത്.
മോദിയുടെ ഒരു തീരുമാനത്തിലും ജനങ്ങള്‍ തൃപ്തരായിരുന്നില്ല. പ്രത്യേകിച്ച് നോട്ട് നിരോധനം പോലെ ജനങ്ങളെ നേരിട്ടുന്ന ബാധിക്കുന്ന കാര്യത്തില്‍. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി കഴിഞ്ഞാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒട്ടും വൈകാതെ തന്നെ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെയും മധ്യപ്രദേശിലേയും മുഖ്യമന്ത്രി നിര്‍ണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതെല്ലാം കൃത്യമായ രീതിയില്‍ തന്നെ നടക്കുമെന്നും ആ കാര്യങ്ങളിലൊന്നും ഒരു ആശങ്കയും നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.