| Tuesday, 26th March 2019, 11:57 am

'കാണ്‍പൂരിലെന്നല്ല ഒരിടത്തും മത്സരിക്കേണ്ടെന്ന് എന്നോട് പറഞ്ഞു' ; വോട്ടര്‍മാര്‍ക്ക് മുരളി മനോഹര്‍ ജോഷിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് മുരളി മനോഹര്‍ ജോഷിയുടെ കത്ത്. മുരളി മനോഹര്‍ ജോഷിയേയും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മത്സരരംഗത്തുനിന്നും തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബി.ജെ.പി ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജോഷിയുടെ കത്ത്.

കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ,

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചു.

മുരളി മനോഹര്‍ ജോഷി”

എന്നാണ് കത്തില്‍ പറയുന്നത്.

പാര്‍ട്ടി തങ്ങളെ തഴഞ്ഞ രീതിയില്‍ മുരളി മനോഹര്‍ ജോഷിക്കും എല്‍.കെ അദ്വാനിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also read:“ഇങ്ങനെയല്ല രാഷ്ട്രീയ എതിരാളികളെ എതിര്‍ക്കേണ്ടത്” ; മുസ്‌ലിം ലീഗിനെ പാക്കിസ്ഥാന്‍ അനുകൂലികളാക്കിയ ബി.ജെ.പി നേതാവിന് എം. സ്വരാജിന്റെ തിരുത്തല്‍ ക്ലാസ്

രാം ലാല്‍ ജോഷിയെ സന്ദര്‍ശിച്ച് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജോഷി അതിന് തയ്യാറായില്ല. താന്‍ അങ്ങനെ പറയണമെങ്കില്‍ അമിത് ഷാ നേരിട്ടുവന്ന് തന്നെ വിവരങ്ങള്‍ അറിയിക്കണമായിരുന്നെന്നാണ് ജോഷി മറുപടി നല്‍കിയത്.

കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് പറഞ്ഞത്. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്കു പുറമേ എല്‍.കെ അദ്വാനി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവരെയും സമാനമായ രീതിയില്‍ രാം ലാല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Also read:രാഹുല്‍ വന്നാല്‍ കൗതുകപൂര്‍വം നേരിടാന്‍ കാത്തിരിക്കുകയാണ് ബി.ജെ.പി; സ്ഥാനാര്‍ത്ഥി മാറുമെന്ന സൂചന നല്‍കി ശ്രീധരന്‍ പിള്ള

പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ചെയര്‍മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ “രാജന്‍ ലിസ്റ്റ്” (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.

We use cookies to give you the best possible experience. Learn more