ഗുജറാത്ത്: ഒളിംപിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി പമ്പിലെത്തിയ നീരജ് എന്ന് പേരുള്ള എല്ലാവര്‍ക്കും സൗജന്യമായി പെട്രോള്‍ നല്‍കി ഗുജറാത്തിലെ പമ്പുടമ. ഏകദേശം 15,000 രൂപ വിലവരുന്ന പെട്രോളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കിയത്.
ഗുജറാത്തിലെ ഭാറുച്ച് ജില്ലയിലെ ഒരു പമ്പുടമയാണ് ഇത്തരത്തില്‍ അസാധാരണമായ വിധത്തില്‍ അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടത്തിന് കാരണക്കാരനായ ഒളിംപ്യന്‍ നീരജ് ചോപ്രയ്ക്ക് ആദരമര്‍പ്പിച്ചത്.
കൃത്യമായ രേഖകളുമായി പമ്പിലെത്തുന്ന നീരജ് എന്നു പേരുള്ള എല്ലാവര്‍ക്കും 501 രൂപയുടെ പെട്രോള്‍ സൗജന്യമായി നല്‍കാന്‍ പമ്പിന്റെ മാനേജര്‍ അയ്യൂബ് പത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ 28 പേര്‍ക്കാണ് സൗജന്യമായി പെട്രോള്‍ ലഭിച്ചത്.
രണ്ട് ദിവസം കൊണ്ട് 150 ലിറ്റര്‍ പെട്രോളാണ് ‘നീരജുമാര്‍ക്ക്’ പമ്പുടമ നല്‍കിയത്.
ഒളിംപിക്സില്‍ യോഗ്യതാ മത്സരത്തിന്റെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ യോഗ്യത നേടിയിരുന്നു.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായും താരം മാറി.
ഒളിംപിക്സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്നത്. ഒളിംപിക്സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ബീജിംഗ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയിരുന്നു.