| Friday, 30th July 2021, 5:46 pm

ജപ്പാനെ 5-2ന് തകര്‍ത്തു; ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോകിയോ: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കിയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

ഹര്‍മന്‍ പ്രീത്, ഗുര്‍ജന്ത്, സിമ്രന്‍ജീത്, നീലകണ്ഠ എന്നിവരാണ് ഇന്ത്യക്കായി വല കുലുക്കിയത്. മലയാളി താരം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഹര്‍മന്‍പ്രീതി ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറിന്റെ പതിമൂന്നാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോള്‍.

രാവിലെ നടന്ന വനിതകളുടെ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ കീഴടക്കിയിരുന്നു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീം നേരത്തേ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

അതേസമയം, പ.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോര്‍ 21-13, 22-20.

ആദ്യം ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ അതിവേഗം ഒന്നാം സെറ്റ് പിടിച്ച സിന്ധു, ജപ്പാന്‍ താരത്തെ വിജയിക്കാന്‍ വിടാതെയായിരുന്നു രണ്ടാം സെറ്റില്‍ വിജയമുറപ്പിച്ചത്.

തായ് സു യിങ്-റച്ചാനോക് ഇന്റാനോണ്‍ മത്സര വിജയിയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. നാളെ ഉച്ചക്ക് ശേഷമാണ് സെമി പോരാട്ടം. ഒരു കളികൂടെ ഉറപ്പിച്ചാല്‍ സിന്ധുവിന് മെഡല്‍ ഉറപ്പാക്കാം.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചിട്ടുണ്ട്. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചത്. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Tokyo Olympics, Indian Hokey  Advance to Quarters With 3 Straight Wins, Beat Japan 5-3

We use cookies to give you the best possible experience. Learn more