ഭോപ്പാല്‍: മോദിസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് കാമ്പെയ്‌ന്റെ അവകാശവാദങ്ങള്‍ തുറന്നുകാട്ടി മധ്യപ്രദേശില്‍ നിന്നും ചില ചിത്രങ്ങള്‍. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടോയ്‌ലറ്റുകള്‍ക്ക് സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാത്തതു കാരണം പലരും ഈ ടോയ്‌ലറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്.
മധ്യപ്രദേശിലെ ചിറ്റാര്‍പൂര്‍ ജില്ലയിലെ ഒരാള്‍ ടോയ്‌ലറ്റ് അടുക്കളയാക്കി. മറ്റൊരിടത്ത് ടോയ്‌ലറ്റ് ചെറിയൊരു പലചരക്കു കടയാക്കി മാറ്റി.
ചീറ്റാപൂര്‍ ജില്ലയിലെ കൊഡന്‍ ഗ്രാമത്തിലെ ദിനേശ് യാദവാണ് തന്റെ ടോയ്‌ലറ്റ് അടുക്കളയാക്കി മാറ്റിയത്. ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ പണം അക്കൗണ്ടിലെത്തിയെങ്കിലും ഗ്രാമമുഖ്യനാണ് ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുന്നതെന്ന് യാദവിന്റെ ഭാര്യ സുശേല പറയുന്നു.
Must Read: എല്ലാ ആണുങ്ങളോടുമാണ് എനിക്കു പറയാനുള്ളത്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുല്‍ഖര്‍
“ഞങ്ങളുടെ ടോയ്‌ലറ്റ് അദ്ദേഹമാണ് നിര്‍മ്മിച്ചു നല്‍കിയത്. ഞങ്ങളുടെ അക്കൗണ്ടിലെത്തിയ പണം അദ്ദേഹത്തിനു നല്‍കി. എന്നാല്‍ ടോയ്‌ലറ്റ് നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായില്ല. ഇപ്പോഴും പ്രാഥമിക കാര്യങ്ങള്‍ക്ക് വെളിപ്രദേശത്ത് തന്നെയാണ് പോകുന്നത്.” ദിനേഷ് യാദവ് പറയുന്നു.
ചിറ്റാര്‍പൂര്‍ നഗരത്തിലെ ലക്ഷ്മണ്‍ കുഷ്‌വാഹ എന്നയാളാണ് ടോയ്‌ലറ്റ് പലചരക്കു കടയാക്കിമാറ്റിയത്. ടോയ്‌ലറ്റ് ഉണ്ടെങ്കിലും സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. “ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. അതുകൊണ്ട് അവിടെ പലചരക്കു കട തുടങ്ങാന്‍ അച്ഛന്‍ തീരുമാനിച്ചു. ആറുമാസം മുമ്പാണ് ഇതു നിര്‍മ്മിച്ചത്.” ലക്ഷ്മണിന്റെ 17വയസുള്ള മകള്‍ നീലം പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചിറ്റാര്‍പൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡി.കെ മൗര്യ പറഞ്ഞു. 1.96ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടതെന്നും ഇതുവരെ 55000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പദ്ധതി നടപ്പിലാക്കിയതില്‍ ചിലവീഴ്ചകള്‍ സംഭവിച്ചെന്ന് അദ്ദേഹം സമ്മതിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മൗര്യ വ്യക്തമാക്കി.