ബുലന്ദ്ഷഹര്‍: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ പതിച്ചത് ഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍. ബുലന്ദ്ഹറിലെ ഇച്ചാനഗര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥാപിച്ച കക്കൂസുകളുടെ ഭിത്തിയിലാണ് ഗാന്ധിമുഖമുള്ള ടൈലുകള്‍ പതിച്ചിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ ജില്ലാഭരണ സിരാകേന്ദ്രത്തിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിഷയം സമൂഹമാധ്യമങ്ങളിലടക്കം വിവാദമായതോടെ ജില്ലാ അധികാരികള്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
‘സര്‍ക്കാര്‍ ജീവനക്കാര്‍ത്തന്നെ ഗാന്ധിയുടെ മുഖമുള്ള ടൈലുകള്‍ കക്കൂസ് ഭിത്തികളില്‍ പതിച്ചു എന്നത് ക്രിമിനല്‍ കുറ്റകൃത്യമാണ്. രാഷ്ട്ര പിതാവിനെ അപമാനിക്കുന്നതരത്തിലുള്ള ഇത്തരം നടപടികള്‍ എന്ത് വിലകൊടുത്തും പ്രതിരോധിക്കപ്പെടേണ്ടതാണ്. ഈ വിഷയത്തില്‍ സമഗ്രഅന്വേഷണം നടത്തുകയും ഇതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയുമാണ് വേണ്ടത്’, ഗ്രാമവാസികളിലൊരാള്‍ പറയുന്നു.
508 കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി ബുലന്ദ്ഷഹറില്‍ നിര്‍മ്മിച്ചത്. ഇവയില്‍ 13 എണ്ണത്തിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകള്‍ പതിച്ചിരിക്കുന്നത്.
പ്രദേശത്ത് നിര്‍മ്മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കിയ വില്ലേജ് ഡെവലപ്മെന്റ് ഓഫീസര്‍ സന്തോഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് പ്രധാന്‍ സാവിത്രി ദേവി എന്ന ഉദ്യോഗസ്ഥയ്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്തിരാജ് ഓഫീസര്‍ അമര്‍ജീത സിങ് അറിയിച്ചു.