വെള്ളപ്പൊക്കം പതിവായുണ്ടാകുന്ന പ്രദേശത്ത് സാധാരണ കക്കൂസ് മതിയോ? പോരെന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്. ഇത്തവണയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടിലെ കക്കൂസുകള്‍ ഉപയോഗ ശൂന്യമായി. വീടിനകത്തേക്ക് വരെ കക്കൂസ് മാലിന്യം ഒഴുകിയെത്തി. കക്കൂസില്ലാത്തതിനാല്‍ ഇരുട്ടിന്റെ മറവിലാണ് സ്ത്രീകളുള്‍പ്പെടെ ആവശ്യം നിറവേറ്റുന്നത്.കക്കൂസ് മാലിന്യം വീട്ടിനകത്തേക്കും കിണറുകളിലേക്ക് ഒഴുകി. കക്കൂസുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ബയോടോയ്‌ലെറ്റുകളുണ്ടായിരുന്നുവെങ്കിലും വീടുകളിലെത്തിയപ്പോഴാണ് ദുരിതം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് കുട്ടനാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ബദല്‍ സംവിധാനമായി ഉയര്‍ന്നു വരുന്നത് ബയോ ടോയ്‌ലെറ്റുകളും ഫ്‌ളോട്ടിങ്ങ് ടോയ്‌ലെറ്റുകളുമാണ്. ഡ്രൈ ടോയ്‌ലെറ്റുകള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മലയാളി മടി കാണിക്കുന്നു. കൂടാതെ ഇത്തരം ടോയ്‌ലെറ്റുകളില്‍ വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. ബയോഗ്യാസ് പ്ലാന്റുകളുമായി ബന്ധിപ്പിക്കാവുന്ന കക്കൂസുകളാണ് ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്നത്.
ഐആര്‍ടിസിയില്‍ ഇതിന്റെ ഗവേഷണം നടക്കുകയാണ്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ച ബയോ ടോയ്‌ലെറ്റും പരീക്ഷിക്കാവുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടിയാണ് ഡിആര്‍ഡിഒ ഇത് നിര്‍മ്മിച്ചത്.