| Wednesday, 22nd March 2023, 12:15 pm

ഒന്നിച്ചാല്‍ സാങ്കേതിക വിദ്യയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ലോകനേതാക്കളാവാം; ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയും ചൈനയും ഒന്നിച്ചാല്‍ വിവര സാങ്കേതിക വിദ്യയുടെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ലോകനേതാക്കള്‍ ആകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റഷ്യ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ യുഗം ആരംഭിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് അനന്തമായ സാധ്യതകളും പ്രതീക്ഷകളുമുണ്ടെന്നും പുടിന്‍ യോഗത്തിനിടെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ ഉക്രൈന്‍ യുദ്ധം, നാറ്റോ, സാമ്പത്തിക സഹകരണം തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

ഉക്രൈനുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കാനുള്ള ചൈനയുടെ സന്നദ്ധതയെ അഭിനന്ദിച്ച പുടിന്‍ കീവും പടിഞ്ഞാറന്‍ ദേശങ്ങളും അതിന് താല്‍പര്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും  അറിയിച്ചു. എന്നാല്‍ ഉക്രൈന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം ഉണ്ടായില്ലെന്നും പുടിന്‍ പറഞ്ഞു.

അനിയന്ത്രിതമായ രീതിയിലേക്ക് ഉക്രൈന്‍ യുദ്ധം പോകരുതെന്ന ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു. എല്ലാ രാജ്യങ്ങളുടെയും നിയമപരമായ ആശങ്കകളെ ബഹുമാനിക്കുമെന്നും ഉടമ്പടിയില്‍ പറയുന്നു.

ഏഷ്യയിലെ നാറ്റോയുടെ വളര്‍ച്ചയില്‍ ആശങ്ക അറിയിച്ച ചൈനയും റഷ്യയും വാഷിങ്ടണ്‍ ആഗോള സുരക്ഷയെ തുരങ്കം വെക്കുന്നുവെന്നും കരാറില്‍ പറഞ്ഞു.

ഏകപക്ഷീയമായ സൈനിക നേട്ടം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര, പ്രാദേശിക സുരക്ഷയെ തുരങ്കം വെക്കുന്നത് അവസാനിപ്പിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ എന്ന നിലയില്‍ മോസ്‌കോയും ബീജിങ്ങും ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണവും ഊര്‍ജവും നല്‍കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ഷീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആധുനിക ലോകത്ത് ചൈനയുടെയും റഷ്യയുടെയും ബന്ധം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇരുരാജ്യങ്ങളും സ്ഥിരമായി സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുമെന്നും തങ്ങളുടെ സായുധ സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും പുടിന്‍ പറഞ്ഞു.

ചൈനയുടെ വര്‍ധിച്ച് വരുന്ന ഊര്‍ജ ആവശ്യത്തെ നിറവേറ്റാന്‍ റഷ്യക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖലയിലെ സഹകരണത്തിനും പ്രത്യേകം ഊന്നല്‍ നല്‍കുമെന്നും ചൈനയിലേക്കുള്ള മാംസത്തിന്റെയും ധാന്യത്തിന്റെയും വിതരണം വര്‍ധിപ്പിക്കാന്‍ റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു.

യോഗത്തില്‍ 2030 വരെയുള്ള സാമ്പത്തിക സഹകരണത്തിനും ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്.

ഉക്രൈന്‍ കുട്ടികളെ അനധികൃതമായി നാടുകടത്തിയതില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് റഷ്യയുമായുള്ള ചൈനയുടെ ബന്ധം വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്ന് ചൈന നിരീക്ഷന്‍ അലക്‌സാണ്ടര്‍ ഗബുവേ പറഞ്ഞതായി ഇന്ത്യ ടുഡേ പറഞ്ഞു.

content highlight: Together we can become world leaders in technology and artificial intelligence; Putin in meeting with Xi Jinping

We use cookies to give you the best possible experience. Learn more