| Wednesday, 17th January 2018, 4:18 pm

തൊഗാഡിയയുടെ ഇറങ്ങാനിരിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം മോദിക്കെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് പൊലീസ് തന്നെ ഏറ്റുമുട്ടലില്‍ വധിക്കുവാന്‍ നീക്കം നടത്തുന്നതായി ആരോപിച്ച് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗഡിയ പത്രസമ്മേളനം നടത്തിയത് രാമജന്മഭൂമി തര്‍ക്കത്തെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകം (Saffron Reflections: Faces & Masks) പുറത്തിറക്കാനിരിക്കെ. രാമജന്മഭൂമി പ്രസ്ഥാനവും ബി.ജെ.പിക്ക് മേല്‍ അത് ചെലുത്തിയുള്ള സ്വാധീനത്തെ കുറിച്ചും പറയുന്ന പുസ്തകത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

പ്രധാനമന്ത്രി പദത്തിലെത്താന്‍ മോദി ഹിന്ദുക്കളെ രാമക്ഷേത്രത്തിന്റെ പേരില്‍ പറ്റിച്ചെന്നും ഗോവധ നിരോധനമേര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും പുസ്തകത്തില്‍ വിമര്‍ശനമുന്നയിക്കുന്നതായി തൊഗാഡിയയുടെ സുഹൃത്തിനെ ഉദ്ധരിച്ച് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉന്നത ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട രഹസ്യ ചര്‍ച്ചകളെ കുറിച്ചും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെ കുറിച്ചെല്ലാം പുസ്തകത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പോലീസ് തന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നീക്കംനടത്തിയെന്ന് ഇന്നലെയാണ് തൊഗാഡിയ പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞത്.

തൊഗാഡിയയുടെ പൂര്‍ത്തിയാക്കാറായ പുസ്തകം രാജ്യത്തു രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുസ്തകം ഇറങ്ങുന്നതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രാമജന്മഭൂമി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാതെ വരും. യു.പിയില്‍ യോഗിആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതും യോഗി വീണ്ടും രാമക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയാക്കുന്നതും ബി.ജെ.പിയുടെ തന്ത്രമായി വിലയിരുത്തലുണ്ടായിരുന്നു.

മോദി സര്‍ക്കാരിനെതിരെ കശ്മീര്‍, രാമക്ഷേത്രമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാര്‍ച്ചില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തൊഗാഡിയ നീക്കം നടത്തിയിരുന്നു. തൊഗാഡിയയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more