പട്ടാമ്പി സ്വദേശിയായ സ്വാമിനാഥന്‍ പാരമ്പര്യമായി ലഭിച്ച കള്ള് ചെത്ത് തൊഴില്‍ നിര്‍ത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. ഉപജീവനത്തിനായി തെങ്ങ് കയറാനും, അറിയാവുന്ന മറ്റു പണികള്‍ക്കുമെല്ലാമായി പോകുന്നുമുണ്ട്. തെങ്ങുകള്‍ ധാരാളമുള്ള കേരളത്തില്‍ അതിനെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്ന ഒരുവിഭാഗമായിരുന്ന കള്ളുചെത്ത് തൊഴിലാളികള്‍ ഇന്ന് തൊഴില്‍രഹിതരായി മാറിയിരിക്കുകയാണ്. ലഹരി വര്‍ജനമാണ് ലക്ഷ്യമെങ്കില്‍ വിദേശ മദ്യഷാപ്പുകള്‍ ഇവിടെ പടര്‍ന്ന് പന്തലിക്കുന്നതിനെ എതിര്‍ക്കാന്‍ ആരുമില്ലല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
സ്വാമിനാഥന്‍ മാത്രമല്ല ഇത്തരത്തില്‍ തൊഴില്‍ ഉപേക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാറും നിരന്തരം നേരിടുന്ന ഭീക്ഷണിയാണ് കള്ള് ചെത്ത് തൊഴിലിലെ അസ്ഥിരത. സര്‍ക്കാരിന്റെ ലൈസന്‍സോടുകൂടി നടത്തുന്ന കള്ള് ഷാപ്പുകളിലാണ് കള്ള് വിതരണം ചെയ്യപ്പെടുന്നത്. ഒരുകാലത്ത് സ്ഥിരമായി ജോലി ലഭിച്ചിരുന്ന തൊഴിലായിരുന്നു കള്ള് ചെത്തെന്നാണ് അനില്‍കുമാര്‍ പറയുന്നത്.
എന്നാല്‍ പിന്നീട് കല്ലുവാതുക്കല്‍ ദുരന്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടായതോടെ ഷാപ്പുകളുടെ നിലനില്‍പ്പ് വഷളായി. അത് എറ്റവും കൂടുതല്‍ ബാധിച്ചത് ചെത്ത് ഉപജീവനമാക്കിയവരെയായിരുന്നു. അത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് ആളാണ് അനില്‍കുമാര്‍.
മദ്യത്തിനേക്കാള്‍ ലഹരി കുറവാണെന്നതാണ് കള്ളിന്റെ പ്രത്യേകത. തെങ്ങുകള്‍ ധാരാളമുള്ള കേരളത്തില്‍ വേണ്ടത്ര രീതിയില്‍ അവയെ ഉപയോഗപ്പെടുത്തി വ്യവസായികമായി നിലനിര്‍ത്തുവാന്‍ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്.
പാലക്കാട് പട്ടാമ്പിക്കടുത്ത് എകദേശം അറുപതോളം കുടുംബങ്ങള്‍ കള്ള് ചെത്ത് ഉപജീവനമായി സ്വീകരിച്ചവരാണ്. പാരമ്പര്യമായി ലഭിച്ച ഈ തൊഴില്‍ കൊണ്ടാണ് ഇവരുടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് തൊഴില്‍ നഷ്ടപ്പെട്ട കുടുബങ്ങളാണ് ഇവരില്‍ പലരുടെയും.
തൊഴില്‍ ഇല്ലായ്മയ്ക്കുള്ള പ്രധാന കാരണം ഷാപ്പുകള്‍ ഇല്ലാത്തതാണ് എന്നാണ് ഈ തൊഴിലാളികള്‍ പറയുന്നത്. സര്‍ക്കാര്‍ ലൈസന്‍സോടെ നടത്തുന്ന ഷാപ്പുകളുടെ എണ്ണം ഇന്ന് വളരെയധികം കുറഞ്ഞിട്ടുണ്ട്. അതായത് ഷാപ്പുകള്‍ എറ്റെടുത്ത് നടത്താന്‍ ആരും തയ്യാറാവുന്നില്ലയെന്നതു തന്നെയാണ്. സര്‍ക്കാരില്‍നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എതു തൊഴില്‍ സാഹചര്യങ്ങള്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നെന്നും തൊഴിലാളികള്‍ പറയുന്നു.
വിദേശ മദ്യഷാപ്പുകളുടെ വരവോടെ കള്ളിന്റെ ഉപഭോഗം കുറയുകയും അതിന്റെ വ്യവസായ സാധ്യത അസ്തമിക്കുകയും, ചെയ്തു. ഇവരുടെ അവകാശ സംരക്ഷണത്തിനായി കള്ള് ചെത്ത് തൊഴിലാളി യൂണിയനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ യൂണിയന്‍ ഓഫീസുകള്‍ പൊടിപിടിച്ച് കിടക്കുന്ന സ്ഥിതിയിലാണ്.
പട്ടാമ്പി കള്ള് ചെത്ത് തൊഴിലാളി യൂണിയന്‍ എരിയ സെക്രട്ടറിയും ഈ അഭിപ്രായം തന്നെയാണ് പറയുന്നത്. “മറ്റുള്ള ലഹരി പാനീയങ്ങളെ അപേക്ഷിച്ച് ലഹരി കുറഞ്ഞതും ആല്‍ക്കഹോള്‍ അംശം കുറഞ്ഞതുമായ പാനീയമാണ് കള്ളിന്റെ പ്രത്യേകത. കള്ള് കുടിക്കാന്‍ ആളില്ലാത്തതല്ല ലഹരിയുടെ അളവ് പോരാത്തതുകൊണ്ടാണ് ഈ പാനീയത്തെ അകറ്റി നിര്‍ത്തപ്പെടുന്നത്. പാരമ്പര്യ തൊഴിലായി നിലനില്‍ക്കുന്ന മേഖലയായതിനാല്‍ മുമ്പ് ഇത് ചെയ്തിരുന്നവര്‍ തന്നെയാണ് ഈ തൊഴില്‍ ഇപ്പോഴും ചെയ്യുന്നത്. പുതിയ തലമുറയില്‍പ്പെട്ട ആരും കള്ള്ചെത്തിലേക്ക് എത്തപ്പെടുന്നില്ല. സുരക്ഷിതമല്ല ഈ ജോലി എന്ന പ്രചരണങ്ങള്‍ തന്നെയാണ് കാരണം.”
ലോകത്തെ മുഴുവന്‍ ലഹരിയുടെ അടിമകളാക്കുക എന്നതല്ല യഥാര്‍ത്ഥത്തില്‍ കള്ള് ചെത്തിന്റെ ലക്ഷ്യം. തെങ്ങില്‍ നിന്ന് നേരിട്ട് ചെത്തിയെടുക്കുന്ന ഈ പാനീയത്തെ വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കാന്‍ കഴിയുന്നതിലൂടെ ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്ന തൊഴിലാളികള്‍ക്ക് കൃത്യമായ വരുമാനം നല്‍കാന്‍ സാധിക്കുന്നും.
പുതിയ ആള്‍ക്കാര്‍ ഈ മേഖലയിലേക്ക് എത്താത്തതിനുള്ള കാരണം ജോലിക്രമത്തിലെ ഭാരം തന്നെയാണ്. അതായത് ഹെവി ഡ്യൂട്ടിയാണ് ഒരു കള്ള് ചെത്ത് തൊഴിലാളിക്കുള്ളത്. രാവിലെയും, ഉച്ചയ്ക്കും, രാത്രിയും ഒക്കെയായി തൊഴില്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. ഇത് പുതുതലമുറയില്‍പ്പെട്ട ആളുകളെ ഈ മേഖലയിലേക്ക് എത്തുന്നതില്‍ നിന്ന് തടയുന്നു. ഈ അഭിപ്രായമാണ് കള്ള് ചെത്ത് തൊഴിലാളി യൂണിയന്‍ എരിയ സെക്രട്ടറി പറഞ്ഞത്.
കേരളത്തിന്റെ പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലം തൊട് കൊണ്ടുവന്ന പരിപാടിയാണ് നീര പ്രോജക്ട്. കേരളത്തിലെ 14 ജില്ലകളെ ഉള്‍പ്പെടുത്തികൊണ്ട് രൂപീകരിച്ച പദ്ധതിയാണ് നീര പദ്ധതി. തൊഴിലാളികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കികൊണ്ട് തെങ്ങില്‍ നിന്നും നീര ശേഖരിച്ച് സംസ്‌കരണം നടത്തി ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനായിരുന്നു ലക്ഷ്യം.
എന്നാല്‍ തുടക്കത്തിന്റെ ആവേശം പിന്നീട് ഉണ്ടായില്ല. ആര്‍ക്കും വളരെയധികം അറിവ് ഇല്ലാത്ത ഈ പരിപാടിയുടെ എറ്റവും പ്രഥമമായ ഉദ്ദേശ്യം തെങ്ങിനെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാവര്‍ക്കും മികച്ച തൊഴില്‍ സാഹചര്യമൊരുക്കുകയെന്നതായിരുന്നു. തെങ്ങില്‍ നിന്നെടുക്കുന്ന ശീതള പാനീയമാണ് നീര. ആരോഗ്യകരമായി ലഹരിയൊന്നുമില്ലാത്ത ഈ പാനീയത്തെ പൊതുവിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിലൂടെ ജോലിയില്ലാതാകുന്ന കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് സ്ഥിരവരുമാന മാര്‍ഗ്ഗമായി ഇതിനെ മാറ്റാന്‍ കഴിയുന്നു. പൊതുവിപണിയില്‍ എല്ലാ ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്നതാണ് നീരയുടെ എറ്റവും വലിയ സവിശേഷത.
നീരയുടെ ഉല്‍പ്പാദനവും ലൈസന്‍സും സംബന്ധിച്ച ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നീരയുടെ സാമ്പത്തിക നേട്ടം ഒരു പക്ഷെ എറ്റവും കൂടുതല്‍ ലഭിക്കേണ്ടിയിരുന്നത് കള്ള് ചെത്ത് പ്രാഥമിക തൊഴിലാക്കിയ വിഭാഗത്തിനായിരുന്നു. മദ്യമല്ല ശരീരത്തിന് പോഷകം നല്‍കുന്ന പാനീയമാണ് നീര. കേരളത്തില്‍ തന്നെ നീര ഉത്പ്പാദനത്തിന് ലൈസന്‍സുള്ള കമ്പനികള്‍ ഇരുന്നൂറിലധികമാണ്.
എന്നാല്‍ കേരളത്തില്‍ സജീവമായി ഇവ പ്രവര്‍ത്തിക്കുന്നത് ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു. പദ്ധതിയുടെ മറ്റൊരു പ്രത്യേകത ചെത്തുകാരന്‍ അല്ല നീര കര്‍ഷകന്‍ എന്നാണ് അറിയപ്പെടുന്നത്. ടെക്നീഷ്യന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളി സമൂഹമായിരിക്കും നീര പ്രോജക്ടില്‍ ഉള്‍പ്പെടുക.
നീര ശേഖരിക്കാന്‍ പറ്റിയത് ചെറിയ തെങ്ങുകളില്‍ നിന്നാണ്. അത്തരം തെങ്ങുകളുടെ കുറവ് നീര പദ്ധതിയെ കാര്യമായി ബാധിച്ചിരുന്നു. തുടക്കത്തില്‍ വളരെ സജീവമായി പദ്ധതി ആരംഭിച്ചെങ്കിലും പിന്നീട് അവ പാതിവഴിയില്‍ പലരും ഉപേക്ഷിച്ചു. കോഴിക്കോട്, ആലപ്പുഴ തുടങ്ങിയിവിടങ്ങളില്‍ നീര പദ്ധതി തുടങ്ങിയിരുന്നു. തുടക്കത്തിലെ ആര്‍ജവം പിന്നീട് കണ്ടിട്ടില്ല.
തുടക്കത്തില്‍ നീര ഉല്‍പ്പാദനത്തിനായി തെങ്ങിന്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. പിന്നീട് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിപാടികള്‍ സംഘടിപ്പിച്ചു എന്നാല്‍ അത് വേണ്ട രീതിയില്‍ മുന്നോട്ട് പോയില്ലെന്നാണ് പരിശീലനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
കോഴിക്കോട് ഭാഗത്ത് വച്ച് നടന്ന നീര പ്രോജക്ടില്‍ പങ്കെടുത്ത ആളാണ് തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാര്‍. “ഈ പ്രോജക്ടിന്റെ പരീശീലനശേഷം ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും പിന്നീട് ഒരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടില്ല. കുറഞ്ഞ വേതനത്തില്‍ സ്വകാര്യ ഉടമക്ക് കീഴിലാണ് പിന്നീട് ജോലി ലഭിച്ചത്. ഇപ്പോള്‍ ഇങ്ങനെയൊരു പദ്ധതിയെപറ്റി ഒരു വിവരവുമില്ല” അനില്‍കുമാര്‍ പറയുന്നു.
പി.എഫ്, ഇ.എസ്.എ തുടങ്ങിയ യാതൊരു വിധ ആനുകുല്യങ്ങളും ഇല്ലാതെയാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. കോവളത്ത് ഒരു സ്വകാര്യ വ്യക്തിക്കുവേണ്ടി പണിയെടുക്കുന്ന ഒരു താത്കാലിക ജീവനക്കാരനാണ് അനില്‍കുമാര്‍. കേരളത്തിന്റെ മറ്റ് ജില്ലകളില്‍ ഉള്ളവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
സ്വകാര്യ ഉടമയ്ക്ക് വേണ്ടിയുള്ള ജോലിയാണെതിനാല്‍ തന്നെ ഒരു ലിറ്റര്‍ കള്ളിന് ലഭിക്കുന്നത് വെറും അറുപത് രൂപയാണ്. ഒരു ദിവസം പരമാവധി പത്ത് ലിറ്റര്‍ കള്ളാണ് ചെത്തിയെടുക്കുന്നത്. തെങ്ങിന്റെ രോഗങ്ങള്‍ സീസണുകള്‍ ഇതെല്ലാം കള്ളിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു.
അത് ചെത്ത് തൊഴിലാളിയുടെ വരുമാനത്തെക്കൂടിയാണ് ബാധിക്കുന്നത്. സമാനമായി നീര പ്രോജക്ടിന്റെ പരിശീലനം കഴിഞ്ഞ വ്യക്തിയാണ് കോഴിക്കോട് പയമ്പ്ര സ്വദേശിയായ ചന്ദ്രന്‍. നീര യൂണിറ്റ് തുടങ്ങിയെങ്കിലും സംഭരംഭത്തെ വിജയകരമായി കൊണ്ടുപോകാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല.
ഈ മേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് തെങ്ങ് ഇല്ലാത്തതാണ്. ഇതാണ് കള്ള് ചെത്ത് തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയെന്നാണ് തിരുവനന്തപുരത്ത് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഈ ജോലി ചെയ്യുന്ന കുമാര്‍ പറയുന്നത്. ഒരു ഘട്ടത്തില്‍ പ്രതിസന്ധിയിലായിരുന്ന തെങ്ങ് കര്‍ഷകര്‍ പിന്നീട് കൃഷി പൂര്‍ണ്ണമായും ഉപേക്ഷിച്ച് മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത് കേരളത്തില്‍ തെങ്ങിന്റെ വ്യാപനം കുറയുന്നതിന് കാരണമാകുന്നു. ഇത് കള്ള് ചെത്തിന്റെ തൊഴില്‍ സാധ്യതയാണ് കുറച്ചതെന്നും ്അദ്ദേഹം പറയുന്നു.
നിരവധി മദ്യ ദുരന്തങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന ഷാപ്പുകള്‍ കുറേയധികം നാള്‍ അടച്ചിട്ടിരുന്നു. ആ സമയത്ത് യൂണിയനുമായി ബന്ധപ്പെട്ട് അംഗത്വം പല തൊഴിലാളികളും രാജി വച്ചിരുന്നു. എന്നിട്ടാണ് മറ്റ് ജോലിക്ക് ആയി പോയത്. പാരമ്പര്യമായി ലഭിച്ച തൊഴില്‍ ആയതുകൊണ്ടുതന്നെ ഇപ്പോള്‍ സ്വകാര്യ വ്യക്തിക്ക് കീഴില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നുവെന്നാണ് കുമാര്‍ പറഞ്ഞത്.
ഇതു തെന്നയാണ് കേരളത്തിലെ ഒട്ടുമിക്ക ചെത്ത് തൊഴിലാളികള്‍ക്കും പറയാനുള്ളത്. ബാര്‍ ലെസന്‍സുകള്‍ നല്‍കുന്നതുപോലെ ഷാപ്പ് ലൈസന്‍സുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. കാരണം ഷാപ്പുകള്‍ എറ്റെടുക്കാന്‍ മുമ്പത്തേപ്പോലെ ആരും മുന്നോട്ട വരുന്നില്ല.
കേരളത്തിന്റെ തൊഴില്‍മേഖലയില്‍ കാര്യമായി സ്വാധീനം ചെലുത്താന്‍ സാധിക്കുമായിരുന്ന പരമ്പരാഗത വ്യവസായമാണ് കള്ള് ചെത്ത്. മാത്രമല്ല അനുബന്ധ ഉല്‍പ്പന്നമായ നീരയുടെ നിര്‍മ്മാണം തൊഴില്‍ പ്രതിസന്ധി നേരിടുന്ന ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും വരുമാന യോഗ്യമായ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകുന്നതാണ്.
മദ്യലോബികള്‍ സ്വാധീനം ചെലുത്തുമ്പോള്‍ പരമ്പരാഗത തൊഴില്‍മേഖലയിലെ അസംഘടിത ന്യൂനപക്ഷമായി ചെത്ത് തൊഴിലാളികള്‍ തുടരുന്നു.