കള്ള് ഷാപ്പ് അടച്ചുപൂട്ടല്‍ പ്രായോഗികമല്ലെന്ന് മന്ത്രി കെ.ബാബു
Kerala
കള്ള് ഷാപ്പ് അടച്ചുപൂട്ടല്‍ പ്രായോഗികമല്ലെന്ന് മന്ത്രി കെ.ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2012, 2:30 pm

തിരുവന്തപുരം: കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി കെ.ബാബു. ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്നും ഷാപ്പുകള്‍ അടച്ച് പൂട്ടണമെന്നത് ലീഗിന്റെ മാത്രം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.[]

സംസ്ഥാനത്ത് കള്ള് നിരോധിച്ചുകൂടെയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്  യു.ഡി.എഫില്‍ വ്യത്യസ്ത നിലപാടുകളാണ് നിലനില്‍ക്കുന്നത്.

സംസ്ഥാനത്തെ കള്ള് കച്ചവടം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു.

കള്ള് ചെത്തു വ്യവസായം വഴി ഒട്ടേറെ കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. കള്ള് മാരകമായതാണെന്ന് ആരും കരുതുന്നുമില്ല. ഒറ്റയടിക്ക് കള്ളു ചെത്തു വ്യവയായം അവസാനിപ്പിക്കുന്നത് പ്രയോഗികമല്ല. കള്ളിന് പകരം വ്യാജക്കള്ള് വില്‍ക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ശ്രദ്ധിക്കണം.

സമ്പൂര്‍ണമായ മദ്യ നിരോധനം മുസ്‌ലിം ലീഗ് എന്നും ഉന്നയിക്കുന്ന ആവശ്യമാണ്. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഘട്ടം ഘട്ടമായ മദ്യനിരോധനമേ സാദ്ധ്യമാകൂ എന്ന് ഉദയഭാനു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.