| Friday, 10th February 2023, 12:18 pm

പുതുതായി കാലെടുത്തുവെച്ച കുട്ടി കങ്കാരുവിന്റെ ആറാട്ട്; ഇന്ത്യ പയറ്റിയ തന്ത്രം തിരിച്ചുപയറ്റി ഓസീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ദിവസത്തില്‍ ഓസീസിന്റെ യുവതാരം ടോഡ് മര്‍ഫിയാണ് കയ്യടി നേടുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നിന്റ ആനുകൂല്യം ഇന്ത്യ എങ്ങനെ മുതലാക്കിയോ, അതേ നാണയത്തിലുള്ള മറുപടിയാണ് ഓസീസ് മര്‍ഫിയിലൂടെ തിരിച്ചു നല്‍കുന്നത്.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തല്‍ തന്റെ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഈ 22കാരന്‍ ഓസീസിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസീസിന്റെ 465ാമത് ടെസ്റ്റ് താരമായാണ് മര്‍ഫി അരങ്ങേറ്റം കുറിച്ചത്.

മൂന്ന് മുന്‍നിര ഇന്ത്യന്‍ വിക്കറ്റുകളാണ് മര്‍ഫി ഇതുവരെ പിഴുതെറിഞ്ഞത്. ആദ്യ ദിനത്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ മടക്കിയായിരുന്നു ടോഡ് മര്‍ഫി വിക്കറ്റ് വേട്ട തുടങ്ങിയത്. 71 പന്തില്‍ നിന്നും 20 റണ്‍സുമായി നില്‍ക്കവെ രാഹുലിനെ ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മര്‍ഫി പുറത്താക്കുകയായിരുന്നു.

ഈ വലം കയ്യന്‍ ഓഫ് സ്പിന്നറുടെ ഇരയാകാനുള്ള അടുത്ത അവസരം മറ്റൊരു വലം കയ്യന്‍ ഓഫ് സ്പിന്നര്‍ക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ട് പുടുത്തുയര്‍ത്തവെ ആര്‍. അശ്വിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു മര്‍ഫി മടക്കിയത്. 62 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ അശ്വിന്റെ സമ്പാദ്യം.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയായിരുന്നു മര്‍ഫിയുടെ അടുത്ത ഇര. ക്രീസില്‍ സ്റ്റാന്‍ഡ് നിന്നുകളിക്കാന്‍ ഒരുങ്ങിയ പൂജാരയെ സ്‌കോട്ട് ബോളണ്ടിന്റെ കൈകളിലെത്തിച്ച് താരം പവലിയനിലേക്ക് തിരിച്ചയച്ചു. 14 പന്തില്‍ നിന്നും ഏഴ് റണ്‍സുമായാണ് പൂജാര പുറത്തായത്.

രണ്ടാം ദിനം ലഞ്ചിന് പിരിയുന്നത് വരെ രണ്ട് മെയ്ഡനടക്കം 15 ഓവറാണ് മര്‍ഫി എറിഞ്ഞത്. 35 റണ്‍സ് മാത്രമാണ് താരം ഇതുവരെ വഴങ്ങിയത്.

2021ലാണ് മര്‍ഫി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ചത്. അന്നുതൊട്ടിന്നുവരെ ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച മര്‍ഫി 26 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും നേടിയിട്ടുണ്ട്. 42/4 ആണ് ഫസ്റ്റ് ക്ലാസിലെ മികച്ച പ്രകടനം.

14 ലിസ്റ്റ് എ മത്സരത്തിലെ 13 ഇന്നിങ്‌സില്‍ നിന്നും 12 വിക്കറ്റും പത്ത് ടി-20യിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും ഒമ്പത് വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, രണ്ടാം ദിവത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 151ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്. 85 റണ്‍സുമായി രോഹിത് ശര്‍മയും 12 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

Content highlight: Todd Murphy’s incredible bowling in India vs Australia 1st test

We use cookies to give you the best possible experience. Learn more